അര്‍ജുനായി തെരച്ചില്‍ ഏഴാം ദിനം; മണ്ണ് മാറ്റി പരിശോധന തുടരും,അത്യാധുനിക റഡാര്‍

0
1128

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. കരയിലെയും പുഴയിലെയും മണ്ണ് മാറ്റി പരിശോധിക്കും. സൈന്യത്തിന്റെ മേല്‍നോട്ടത്തിലാകും രക്ഷാദൗത്യം നടക്കുക. ഡീപ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ സംവിധാനങ്ങള്‍ അടക്കം ഉപയോഗിച്ചാകും പരിശോധന.

അര്‍ജുനെ കാണാതായി ഏഴ് ദിവസമാകുമ്പോഴും തെരച്ചിലില്‍ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. മണ്ണ് ഇടിഞ്ഞിടത്ത് ലോറി ഇല്ലെന്ന് പൂര്‍ണമായും ഉറപ്പാക്കിയ ശേഷം മാത്രമാകും ഈ ഭാഗത്തെ പരിശോധന നിര്‍ത്തുക. ഗംഗാവലി പുഴയിലേക്ക് ഇടിഞ്ഞുതാണ് കിടക്കുന്ന മണ്ണ് മാറ്റിയും പരിശോധന നടക്കും.

ദുരന്തത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി അഭിലാഷ് ഇന്നലെ രംഗത്തെത്തിയിരുന്നു. അങ്കോളയിലെ പഞ്ചര്‍ കടയില്‍ തന്റെ വാഹനത്തിന്റെ ടയര്‍ നന്നാകുന്നതിനിടെ വലിയ ഒരു ശബ്ദം കേട്ടുവെന്നും നോക്കിയപ്പോള്‍ മണ്ണിടിച്ചിലില്‍ ഒരു ടാങ്കര്‍ ഗംഗാവലി നദിയിലേക്ക് ഒലിച്ചുപോവുന്നതായി കണ്ടുവെന്നുമാണ് അഭിലാഷ് പറഞ്ഞത്. എന്നാല്‍ അര്‍ജുന്‍ ഉണ്ടായിരുന്നെന്ന് പറയുന്ന ട്രക്ക് നദിയിലേക്ക് ഒഴുകി പോകുന്നതായി താന്‍ കണ്ടില്ലെന്നും അഭിലാഷ് പറഞ്ഞു. മണ്ണിടിച്ചില്‍ നടന്നതിന് നൂറ് മീറ്റര്‍ ഇപ്പുറത്താണ് പഞ്ചര്‍കട സ്ഥിതി ചെയ്തിരുന്നത്.

അര്‍ജുന്റെ വാഹനം ഒഴുകി പോകാന്‍ സാധ്യതയില്ലെന്നും അഭിലാഷ് പറഞ്ഞു. റോഡിന്റെ എതിര്‍ വശത്താണ് അര്‍ജുന്റെ ട്രക്ക് നിര്‍ത്തിയിട്ടിരുന്നത്. റോഡിന്റെ മധ്യഭാഗത്ത് ഡിവൈഡര്‍ ഉള്ളത് കൊണ്ട് തന്നെ അതിന് സാധ്യതയില്ലെന്നും അഭിലാഷ് പറഞ്ഞു. അര്‍ജുന്റെ വാഹനം നിര്‍ത്തിയിട്ടിരിക്കുന്ന തൊട്ടടുത്ത് മറ്റൊരു ടാങ്കര്‍ നിര്‍ത്തിയിട്ടിരുന്നു. പിന്നീട് മണ്ണിടിച്ചില്‍ തുടര്‍ന്നപ്പോള്‍ അവിടെ നിന്നും ആ ടാങ്കര്‍ മാറ്റിയിട്ടു. ആ സമയം അര്‍ജുന്റെ വാഹനം അവിടെയുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ വാഹനം മണ്ണില്‍ ആണ്ടുപോയിട്ടുണ്ടാവാനാണ് സാധ്യതയെന്നും അഭിലാഷ് പറഞ്ഞിരുന്നു.

അതേസമയം അര്‍ജുനെ രക്ഷിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സുപ്രീംകോടതിയിലെ അഡ്വക്കറ്റ് ഓണ്‍ റെക്കോഡ് കെആര്‍ സുഭാഷ് ചന്ദ്രന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ ഉന്നയിക്കും. അര്‍ജുനെ രക്ഷിക്കാനുള്ള അടിയന്തിര ഇടപെടല്‍ നടത്താന്‍ സൈന്യത്തെ നിയോഗിക്കണമെന്നാണ് പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കര്‍ണാടക, കേരള സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.