വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി

0
742

പനിനീരും റോസ് ഓയിലും ഊദ് എണ്ണയും കസ്തൂരിയും സംസം വെള്ളവും ഉപയോഗിച്ചാണ് ഈ പുണ്യ ഗേഹം കഴുകുന്നത്

മക്ക: വിശുദ്ധ ഹറമിൽ കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ ബിൻ അബ്ദുൽ അസിസ് രാജാവിന് വേണ്ടി മക്ക മേഖലയിലെ ഡെപ്യൂട്ടി അമീർ, പ്രിൻസ് സഊദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് കഴുകൽ ചടങ്ങിന് നേതൃത്വം വഹിച്ചു. കഅ്ബ കഴുകൽ ചടങ്ങിൽ ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅയും നിരവധി ഉദ്യോഗസ്ഥരും പങ്കാളികളായി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കഴുകല്‍ ചടങ്ങിന് 20 ലിറ്റര്‍ സംസം വെള്ളമാണ് ഹറംകാര്യ വകുപ്പ് പ്രത്യേകം തയാറാക്കുന്നത്. പത്തു ലിറ്റര്‍ ശേഷിയുള്ള രണ്ടു വെള്ളി കന്നാസുകളിലാണ് ഈ വെള്ളം സൂക്ഷിക്കുന്നത്.  ഇതില്‍ ഒരു കന്നാസില്‍ 549 മില്ലീലിറ്റര്‍ തായിഫ് പനിനീരും ഉയര്‍ന്ന ഗുണമേന്മയുള്ള 24 മില്ലീലിറ്റര്‍ തായിഫ് റോസ് ഓയിലും ഹറമിലെ ഉപയോഗത്തിന് പ്രത്യേകം തയാറാക്കുന്ന 24 മില്ലീലിറ്റര്‍ ഊദ് ഓയിലും മൂന്നു മില്ലീലിറ്റര്‍ കസ്തൂരിയും കലര്‍ത്തുന്നു. കഴുകല്‍ ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്നതിനു മുമ്പായി ഈ കന്നാസിലെ വെള്ളം നന്നായി കലക്കും. രണ്ടാമത്തെ വെള്ളി കന്നാസില്‍ യാതൊന്നും കൂട്ടിച്ചേര്‍ക്കാത്ത സംസം വെള്ളമാണുണ്ടാവുക.

പനിനീരും റോസ് ഓയിലും ഊദ് എണ്ണയും കസ്തൂരിയും കലര്‍ത്തിയ സംസം വെള്ളത്തിന്റെ പകുതിയും ഒന്നും കലര്‍ത്താത്ത സംസം വെള്ളം പൂര്‍ണമായും വിശുദ്ധ കഅ്ബാലയത്തിന്റെ നിലം കഴുകാന്‍ ഉപയോഗിക്കും. കഴുകല്‍ ചടങ്ങ് ആരംഭിക്കുന്നതിനു മുമ്പായി കഅ്ബാലയത്തിന്റെ ഉള്‍വശത്ത് ഏറ്റവും മുന്തിയ ഊദ് ഉപയോഗിച്ച് പുകക്കും. ഇതിന് അര കിലോ ഊദ് ആണ് ഉപയോഗിക്കുന്നത്.

മുന്തിയ ഇനം കോട്ടന്‍ തുണിക്കഷ്ണങ്ങളാണ് കഅ്ബാലയത്തിന്റെ ചുമരുകളും തൂണുകളും നനച്ച് തുടക്കാന്‍ ഉപയോഗിക്കുന്നത്. ചുമരുകള്‍ തുടക്കുന്നതിനു മുമ്പായി ഈ തുണിക്കഷ്ണങ്ങളില്‍ നേരിട്ട് ഏതാനും തുള്ളി ഊദ് എണ്ണ ചേര്‍ക്കും. സുഗന്ധങ്ങള്‍ കലര്‍ത്തി പ്രത്യേകം തയാറാക്കിയ അഞ്ചു ലിറ്റര്‍ സംസം വെള്ളമാണ് ചുമരുകളും തൂണുകളും തുടക്കാന്‍ ഉപയോഗിക്കുന്നത്.

കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായ ശേഷം ഹറമിന്റെ ഉള്‍വശം ഉണക്കാന്‍ വെള്ളി പിടികളുള്ള പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു. വെള്ളി പിടികളില്‍ ഹറംകാര്യ വകുപ്പിന്റെ എംബ്ലവും വിശുദ്ധ കഅ്ബാലയത്തിന്റെ കഴുകല്‍ ചടങ്ങ് പ്രതിപാദിക്കുന്ന കവിതാശകലവും ആലേഖനം ചെയ്തിട്ടുണ്ട്. മുന്‍കാലങ്ങളില്‍ വര്‍ഷത്തില്‍ രണ്ടു തവണ കഅ്ബാലയം കഴുകിയിരുന്നു. ഇപ്പോള്‍ കൊല്ലത്തില്‍ ഒരു തവണയാണ് വിശുദ്ധ കഅ്ബാലയം കഴുകുന്നത്. എല്ലാ വര്‍ഷവും മുഹറം പതിനഞ്ചിനാണ് കഴുകല്‍ ചടങ്ങ് നടത്തുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക