ഇന്ത്യയിലെ തൊഴിലിടങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെക്കാൾ കൂടുതൽ മാനസിക സമ്മർദ്ദത്തിലാണെന്ന് പഠന റിപ്പോർട്ട്. യുവർ ദോസ്ത് നടത്തിയ മാനസികാരോഗ്യ പഠന സർവ്വേയുടെ റിപ്പോർട്ടിലാണ് കണ്ടെത്തൽ.
അയ്യായിരത്തിലധികം ആളുകളെ പങ്കെടുപ്പിച്ചാണ് സർവ്വേ നടത്തിയത്. സർവ്വേയിൽ പങ്കെടുത്ത സ്ത്രീകളിൽ 72.2 ശതമാനം പേരും തങ്ങൾ തൊഴിലിടത്ത് കടുത്ത മാനസികസമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്ന് പ്രതികരിച്ചു. എന്നാൽ, പുരുഷന്മാരിൽ 53.64 ശതമാനം മാത്രമാണ് തൊഴിലിടത്തിൽ മാനസിക സമ്മർദ്ദം നേരിടേണ്ടിവരുന്നത്.
തൊഴിലും ജീവിതവും ഒരേപോലെ കൊണ്ടുപോകാൻ പാടുപെടുന്നവരാണ് സ്ത്രീകളിൽ ഭൂരിപക്ഷവും. സ്ത്രീകളിൽ മാനസികസമ്മർദ്ദത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നതും ഇതു തന്നെ.
തൊഴിലിടങ്ങളിൽ അംഗീകരിക്കപ്പെടാതെ പോകുന്നതിനാൽ മാനസികസമ്മർദ്ദത്തിന് വിധേയപ്പെടുന്ന സ്ത്രീകളുടെ എണ്ണവും കുറവല്ല. ഒരേ തൊഴിൽ ചെയ്തിട്ടും സഹപ്രവർത്തകരായ പുരുഷന്മാർ തൊഴിലിടത്തിലും മേലുദ്യോഗസ്ഥരാലും കൂടുതൽ അംഗീകരിക്കപ്പെടുന്നു എന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
സഹപ്രവർത്തകരോ മേലുദ്യോഗസ്ഥരോ ആയ പുരുഷന്മാരിൽ നിന്ന് മോശം പെരുമാറ്റം നേരിടുന്നതു മൂലം മാനസികസമ്മർദ്ദം അനുഭവിക്കുന്നവരുടെ എണ്ണവും കുറവല്ല. തങ്ങൾ തെറ്റായ രീതിയിൽ വിലയിരുത്തപ്പെടുമെന്ന് ഭയന്ന് സമ്മർദ്ദത്തിലാവുന്ന സ്ത്രീകളുമുണ്ടെന്ന് സർവ്വേ റിപ്പോർട്ട് പറയുന്നു. തൊഴിലിടത്തെ മോശം സാഹചര്യങ്ങൾ മൂലം വിഷാദത്തിലേക്കും മോശം ആരോഗ്യാവസ്ഥയിലേക്കും പോകുന്ന സ്ത്രീകളുടെ എണ്ണം 20 ശതമാനമാണ്. അതേസമയം, പുരുഷന്മാരുടെ എണ്ണം 9.27 ശതമാനം മാത്രമാണ്.
21നും 30നുമിടയിൽ പ്രായമുള്ളവരിലാണ് തൊഴിലിടത്തെ മാനസികസമ്മർദ്ദം കൂടുതലായി കാണുന്നത്. സർവ്വേയിൽ പങ്കെടുത്ത, ഈ പ്രായത്തിലുള്ളവരിൽ 64.42 ശതമാനവും കടുത്ത മാനസികസമ്മർദ്ദം അനുഭവിക്കുന്നവരാണ്. 31 മുതൽ 40 വയസുവരെയുള്ളവരാണ് ഈ പട്ടികയിൽ രണ്ടാമത്.
ഇവരിൽ 59.81 ശതമാനവും തൊഴിലിടത്ത് കടുത്ത മാനസികസമ്മർദ്ദത്തിലൂടെ കടന്നുപോകുന്നു. തൊഴിലിടത്തെ അടിക്കടി മാറിവരുന്ന സാഹചര്യങ്ങൾ, പോളിസി മാറ്റങ്ങൾ, റിമോട്ട്- ഹൈബ്രിഡ് മാതൃകകകൾ എന്നിവയൊക്കെയാണ് 21നും 30നുമിടയിലുള്ളവരെ സമ്മർദ്ദത്തിലാക്കുന്നത്.
ഇത്തരം സാഹചര്യങ്ങളെ മറികടക്കാൻ കമ്പനികൾ ജീവനക്കാരെ സഹായിക്കേണ്ടത് അത്യാവശ്യമാണെന്ന് യുവർ ദോസ്ത് ചീഫ് സൈക്കോളജി ഓഫീസർ ഡോ ജിനി ഗോപിനാഥ് പറയുന്നു. ഐടി, നിർമ്മാണ മേഖല, ഗതാഗതം, മാധ്യമങ്ങൾ തുടങ്ങി വിവിധ സ്വഭാവത്തിലുള്ള തൊഴിലിടങ്ങളിലെ ജീവനക്കാരെ പങ്കെടുപ്പിച്ചാണ് യുവർ ദോസ്ത് സർവ്വേ നടത്തിയത്.