Thursday, 19 September - 2024

യുപി ബിജെപിയിൽ പൊട്ടിത്തെറി; യോഗിയെ നീക്കണമെന്ന് ആവശ്യം ശക്തം

ലഖ്‌നൗ: ഉത്തർപ്രദേശ് ബിജെപിയിൽ അതൃപ്തി പുകയുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യോഗി ആദിത്യനാഥിനെ നീക്കണം എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര സിംഗ് ചൗധരിയുടെ അടക്കം ആവശ്യം. സംസ്ഥാനത്ത് വരാൻ പോകുന്ന ഉപതിരഞ്ഞെടുപ്പ് ചർച്ചകളിൽ സജീവമാണ് യോഗി ആദിത്യനാഥ്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിൽ ബിജെപിക്ക് കാലിടറിയതിന് പിന്നാലെയാണ് പാർട്ടിയിൽ അഭിപ്രായ ഭിന്നത രൂക്ഷമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ അടക്കമുള്ളവരെ ഡൽഹിയിൽ കണ്ട സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര സിംഗ് ചൗധരി, യോഗി ആദിത്യനാഥിൻ്റെ ഭരണത്തിലെ അതൃപ്തി അറിയിച്ചു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും നേതാക്കളെ കണ്ട് സംസ്ഥാന സർക്കാരിനെതിരെ പരാതി നൽകി. സർക്കാരിൽ വൻ അഴിച്ചു പണി വേണമെന്നാണ് ഇവരുടെയും നിലപാട്.

യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി ഒരു പരീക്ഷണത്തിന് ബിജെപി ദേശീയ നേതൃത്വം തയ്യാറല്ല. അത് വലിയ തിരിച്ചടിയാകും എന്നാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. ലഖ്നൗൽ ചേർന്ന ബിജെപി വർക്കിങ് കമ്മറ്റിയിൽ ജെപി നദ്ദയുടെ സാനിധ്യത്തിൽ പല നേതാക്കളും യോഗിയെ വിമർശിച്ചിരുന്നു.

എന്നാൽ ഇതൊന്നും കാര്യമാക്കാതെയാണ് യോഗി നീങ്ങുന്നത്. വരാനിരിക്കുന്ന 10 നിയമസഭാ ഉപതിരഞ്ഞെടുപ്പ് ചർച്ചകളിലാണ് മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് ഒരുക്കം ചർച്ച ചെയ്യാൻ യോഗി മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. അതേസമയം ബിജെപിയിലെ പൊട്ടിത്തെറി പ്രചാരണമാക്കാനാണ് ഇന്ത്യ സഖ്യത്തിൻ്റെ നീക്കം. സമാജ്‌വാദി പാർട്ടിയും കോൺഗ്രസും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

Most Popular

error: