Wednesday, 15 January - 2025

ആകാശക്കൊള്ള അവസാനിപ്പിക്കണം: കോട്ടക്കൽ മണ്ഡലം കെഎംസിസി

റിയാദ്: ഗൾഫിൽ സ്കൂൾ അവധി പ്രമാണിച്ചു വിമാനക്കമ്പനികൾ അമിത നിരക്ക് ഈടാക്കി പ്രവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് റിയാദ് – കോട്ടക്കൽ മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ടിക്കറ്റിന് അമിത നിരക്ക് ഈടാക്കുന്നതിനാൽ കുടുംബ സമേതം യാത്ര ചെയ്യുന്ന പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നുണ്ട്. വിമാനക്കമ്പനികൾ പ്രവാസികളെ ചൂഷണം ചെയ്യുന്നത് തടയാൻ കേന്ദ്ര – സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.

എം എൽ എ യുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് കോട്ടക്കൽ മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകൾക്കും കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും അനുവദിച്ച മണ്ഡലം എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളെ യോഗം പ്രത്യേകം അഭിനന്ദിച്ചു. കഴിഞ്ഞ ആഴ്ചയിൽ നിര്യാതനായ മലപ്പുറം ജില്ല മുസ്‌ലിം ലീഗ് സെക്രട്ടറിയും ദളിത്‌ ലീഗ് നേതാവും ജില്ല പഞ്ചായത്ത്‌ മുൻ പ്രസിഡന്റുമായ എ. പി ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. മലപ്പുറം ജില്ല കെഎംസിസിക്ക് കീഴിലുള്ള വെൽഫെയർ വിംഗിലേക്കുള്ള മണ്ഡലം പ്രതിനിധികളെ യോഗത്തിൽ വെച്ച് തെരഞ്ഞെടുത്തു.

ബത്ഹയിൽ വെച്ച് നടന്ന യോഗം മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡന്റ്‌ മൊയ്‌ദീൻ കുട്ടി പൊന്മള ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി അഷ്‌റഫ്‌ പുറമണ്ണൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം കെഎംസിസി പ്രസിഡന്റ്‌ ബഷീർ മുല്ലപ്പള്ളി ചർച്ച ഉദ്ഘാടനം ചെയ്തു. ട്രഷറർ അബ്ദുൽ ഗഫൂർ കൊന്നക്കാട്ടിൽ, ദിലൈബ് ചാപ്പനങ്ങാടി, നിസാർ പാറശ്ശേരി, അബ്ദുൽ ഗഫൂർ കോൽക്കളം, ഹാഷിം കുറ്റിപ്പുറം, അബ്ദു റഷീദ് അത്തിപ്പറ്റ, മജീദ് ബാവ തലകാപ്പ്, അബ്ദു റഷീദ് കണിയേരി, ഫാറൂഖ് പൊന്മള, മുഹമ്മദ്‌ കല്ലിങ്ങൽ, ഫിറോസ് വളാഞ്ചേരി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. മണ്ഡലം കെഎംസിസി ഓർഗനൈസിങ് സെക്രട്ടറി ഫൈസൽ എടയൂർ സ്വാഗതവും ഇസ്മായിൽ പൊന്മള നന്ദിയും പറഞ്ഞു.

Most Popular

error: