Tuesday, 22 April - 2025

ഷാഫി പറമ്പിലിന് മലബാറില്‍ സംഘടന രംഗത്ത് ചുമതല നല്‍കി കോണ്‍ഗ്രസ്

തിരുവനന്തപുരം: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനുകള്‍ പിടിച്ചെടുക്കാന്‍ മുതിര്‍ന്ന നേതാക്കളെ തന്നെ കളത്തിലിറക്കി കോണ്‍ഗ്രസ്. സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷനുകളുടെ ചുമതലയാണ് മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് വി ഡി സതീശന് കൊച്ചി കോര്‍പ്പറേഷന്റെയും എഐസിസി പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലക്ക് കോഴിക്കോട്ടും കെപിസിസി പ്രസിഡന്റ് കെ സുധാകരന് കണ്ണൂരിലുമാണ് ചുമതല നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്റെ ചുമതല എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥിനും തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ ചുമതലയും നല്‍കി.

കൊല്ലത്ത് രാഷ്ട്രീയകാര്യ സമിതി അംഗം വിഎസ് ശിവകുമാറിനുമാണ് ചുമതല. ഇന്ന് അവസാനിച്ച കെപിസിസി ക്യാംപ് എക്‌സിക്യൂട്ടീവിലാണ് ഇക്കാര്യം തീരുമാനിച്ചത്.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് മുതിര്‍ന്ന നേതാക്കളെ തന്നെ കോര്‍പ്പറേഷനുകള്‍ പിടിക്കാന്‍ രംഗത്തിറക്കണമെന്ന നിര്‍ദേശം ക്യാംപില്‍ മുന്നോട്ടുവെച്ചത്. ഈ നിര്‍ദേശം നേതാക്കള്‍ മടികൂടാതെ ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ തവണ കണ്ണൂരില്‍ മാത്രമാണ് ഭരണം ലഭിച്ചത്.

തൃശ്ശൂരും കൊച്ചിയും ചെറിയ വ്യത്യാസത്തിന് നഷ്ടപ്പെടുകയായിരുന്നു. അമ്പത് വര്‍ഷമായി ഭരണം ലഭിക്കാത്ത കോഴിക്കോട് കോര്‍പ്പറേഷനില്‍ അത്ഭുതം സൃഷ്ടിക്കണമെങ്കില്‍ രമേശ് ചെന്നിത്തലയെ പോലെ മുതിര്‍ന്ന നേതാവ് തന്നെ വേണമെന്ന അഭിപ്രായം പൊതുവായി ഉയരുകയായിരുന്നു.

മുതിര്‍ന്ന നേതാക്കള്‍ക്ക് ഉത്തരവാദിത്തം നല്‍കിയതിനോടൊപ്പം ജില്ലകളിലെ ചുമതലക്കാരെയും നിശ്ചയിച്ചു. ഷാഫി പറമ്പിലിനാണ് കാസര്‍കോട് ജില്ലയുടെ ചുമതല. പാലക്കാട് നിന്ന് വടകരയിലേക്ക് എത്തിയ ഷാഫിക്ക് മലബാറില്‍ കൂടുതല്‍ ഉത്തരവാദിത്തം നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തിരുവനന്തപുരം-തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കൊല്ലം-അടൂര്‍ പ്രകാശ്, പത്തനംതിട്ട-ഷാനിമോള്‍ ഉസ്മാന്‍, കോട്ടയം-ബെന്നി ബെഹ്‌നാന്‍, ഇടുക്കി-ജോസഫ് വാഴയ്ക്കന്‍, എറണാകുളം- ആന്റോ ആന്റണി, തൃശ്ശൂര്‍- എ പി അനില്‍കുമാര്‍, പാലക്കാട്- ടി എന്‍ പ്രതാപന്‍, മലപ്പുറം-എം കെ രാഘവന്‍, കോഴിക്കോട്-രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വയനാട്-സണ്ണി ജോസഫ്, കണ്ണൂര്‍-ടി സിദ്ധിഖ് എന്നിവര്‍ക്കാണ് മറ്റു ജില്ലകളുടെ ചുമതലകള്‍.

ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയുമായി ബന്ധപ്പെട്ടു തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഏകോപിപ്പിക്കാനാണ് നിര്‍ദേശം. മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും പ്രധാന നേതാക്കള്‍ ചുമതലക്കാരായി വരും. ഇക്കാര്യത്തില്‍ ഡിസിസി പ്രസിഡന്റും ജനറല്‍ സെക്രട്ടറിമാരും ചര്‍ച്ച നടത്തി തീരുമാനിക്കണം.

Most Popular

error: