നാല് കുട്ടികളുമായി അമ്മ കിണറ്റില്‍ ചാടി; കുട്ടികള്‍ മരിച്ചു

0
1769

ഇൻഡോർ: മന്ദ്‌സൗർ ജില്ലയിലെ ഗരോത്തിൽ നാല് കുട്ടികളുമായി അമ്മ കിണറ്റില്‍ ചാടി. സംഭവത്തില്‍ നാല് കുട്ടികൾ മുങ്ങിമരിക്കുകയും അമ്മ രക്ഷപ്പെടുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ മന്ദ്‌സൗറിൽ നിന്ന് 100 കിലോമീറ്റർ അകലെ ഗരോത്തിലെ പിപൽഖേഡ ഗ്രാമത്തിലായിരുന്നു സംഭവം. സുഗ്ന ബായി (40)യാണ് കുട്ടികളെയുമെടുത്ത് കിണറ്റിൽ ചാടിയത്. ബണ്ടി (9), അനുഷ്‌ക (7), മുസ്‌കാൻ (4), കാർത്തിക് (2) എന്നീ കുട്ടികളാണ് മരിച്ചത്.

ശനിയാഴ്ച വൈകുന്നേരം സുഗ്നയുടെ ഭർത്താവ് റോഡു സിംഗ് അവരെ മർദിച്ചിരുന്നു. തുടർന്ന് സുഗ്ന മക്കളെയും കൂട്ടി വീടുവിട്ട് അടുത്തുള്ള അങ്കണവാടിയിൽ അഭയം പ്രാപിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. രാവിലെയോടെ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുട്ടികളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി അവർ പറഞ്ഞു. യുവതിയുടെ ഭർത്താവിനായുള്ള അന്വേഷണം തുടരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.