സുരക്ഷിതരായി ഭൂമിയിലേക്ക് എത്തും, മടക്കയാത്ര സ്റ്റാര്‍ലൈനറില്‍ തന്നെ’; സുനിത

0
1119

ബഹിരാകാശത്തെ വാസം സന്തോഷകരമായി മുന്നോട്ട് പോകുന്നുവെന്നും സുരക്ഷിതരായി ഭൂമിയിലേക്ക് എത്തുമെന്നും സുനിത വില്യംസ്. മടങ്ങിവരവിനെ കുറിച്ചും സുരക്ഷയെ കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് സുനിതയും വില്‍മോറും ലൈവ് കോളിലെത്തിയത്.

‘ മടക്കയാത്രയെ കുറിച്ച് പൂര്‍ണ ആത്മവിശ്വാസത്തിലാ’ണെന്നായിരുന്നു മിഷന്‍ കമാന്‍ഡറായ വില്‍മോറിന്‍റെ പ്രതികരണം. ‘സ്റ്റാര്‍ലൈനര്‍ സുരക്ഷിതമായി ഭൂമിയിലെത്തിക്കുമെന്ന വിശ്വാസവും പ്രതീക്ഷയും ഉണ്ട്, ഒരു പ്രശ്നവുമില്ലെ’ന്ന് സുനിതയും വെളിപ്പെടുത്തി. 

ബഹിരാകാശത്തെ താമസം ഓരോ നിമിഷവും ആസ്വദിക്കുകയാണെന്നും നിലയത്തിലെ ചെറു ജോലികള്‍ ഇരുവരും ചെയ്യുന്നുണ്ടെന്നും സുനിത പറഞ്ഞു. മൂത്രം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി മാറ്റുന്ന മെഷീനിലും, ഗുരുത്വബലമില്ലാത്ത പരിസ്ഥിതിയില്‍ ജീന്‍ സീക്വന്‍സിങ് എങ്ങനെ നടക്കുന്നുവെന്ന പരീക്ഷണവുമെല്ലാം ചെയ്ത് നോക്കുകയാണെന്നും സുനിത കൂട്ടിച്ചേര്‍ത്തു. ഇതിന് പുറമെ നിലയത്തിന്‍റെ പ്രവര്‍ത്തനത്തെ സംബന്ധിച്ചും പഠന നിരീക്ഷണങ്ങള്‍ നടത്തുന്നുവെന്നും നാസ വെളിപ്പെടുത്തി. 

സ്റ്റാര്‍ലൈനര്‍ സുരക്ഷിതമായി ഭൂമിയിലെത്തുന്നത് സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുമ്പോഴും വില്‍മോറും സുനിതയും വലിയ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്. ജൂണ്‍ അഞ്ചിനാണ് ഇരുവരും സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശത്തേക്ക് പോയത്. പത്ത് ദിവസത്തേതായിരുന്നു ദൗത്യം.

എന്നാല്‍ പേടകത്തിന്‍റെ യാത്ര സുഗമമാക്കാനുള്ള ചെറു റോക്കറ്റുകള്‍ പണിമുടക്കുകയും പേടകത്തില്‍ അ‍ഞ്ചിലേറെ സ്ഥലത്ത് ഹീലിയം ചോര്‍ച്ച സ്ഥിരീകരിക്കുകയും ചെയ്തതോടെ ഇരുവരുടെയും മടക്കയാത്ര നീളുകയായിരുന്നു. സുനിതയുടെയും വില്‍മോറിന്‍റെയും മടക്കയാത്ര സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ജൂലൈ അവസാനത്തോടെ ഇരുവരെയും ഭൂമിയിലെത്തിക്കാനാണ് നാസ ലക്ഷ്യമിടുന്നത്. 

ബഹിരാകാശത്ത് വച്ച് സ്റ്റാര്‍ലൈനറിന് എന്താണ് സംഭവിച്ചതെന്ന് അറിയുന്നതിനായി ശാസ്ത്രജ്ഞര്‍ ഭൂമിയില്‍ സമാന സാഹചര്യങ്ങള്‍ സൃഷ്ടിച്ച് പരീക്ഷണം തുടരുകയാണ്. ഇത് പൂര്‍ത്തിയായാലുടന്‍ തകരാര്‍ കൃത്യമായി കണ്ടെത്താനും പരിഹരിക്കാനും മടക്കയാത്രാത്തീയതി നിശ്ചയിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിനിടെ സ്റ്റാര്‍ലൈനറിന്‍റെ വിക്ഷേപണത്തിന് മുന്‍പ് തന്നെ ഹീലിയം ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചു. എന്നാല്‍ അടിയന്തര സാഹചര്യം നിലവില്‍ ഇല്ലെന്നും അങ്ങനെ ഉണ്ടായാല്‍ സുനിതയെയും വില്‍മോറിനെയും സുരക്ഷിതമായി ഭൂമിയിലെത്തിക്കാന്‍ സ്റ്റാര്‍ലൈനര്‍ നിലവില്‍ കെല്‍പ്പുള്ളതാണെന്നും നാസ അവകാശപ്പെടുന്നു.

അങ്ങനെയെങ്കില്‍ പിന്നെ എന്തിനാണ് മടങ്ങിവരവ് വൈകിക്കുന്നതെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. എന്നാല്‍ സ്പേസ് സ്റ്റേഷനില്‍ കഴിയുന്നതിന് നിലവില്‍ തടസമില്ലെന്നും ദൗത്യ കാലാവധി മൂന്ന് മാസമായി വര്‍ധിപ്പിക്കുന്നത് പരിഗണിക്കുകയാണെന്നും നാസ നേരത്തെ വ്യക്തമാക്കിയിരുന്നു.