എറണാകുളം: അവയവക്കടത്ത് കേസിൽ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് ഹൈക്കോടതി. പ്രതികൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പ്രോസിക്യൂഷൻ മുന്നോട്ട് വെക്കുന്നതെന്നും കോടതി പറഞ്ഞു. കേസിലെ പ്രതിയായ സജിത് ശ്യാമിന്റെ ജാമ്യാപേക്ഷ തള്ളിയാണ് കോടതിയുടെ നിരീക്ഷണം.
പ്രതിയെ ജാമ്യത്തിൽ വിട്ടാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കേസിൽ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും കോടതി വ്യക്തമാക്കി. അവയക്കൈമാറ്റത്തിന് തയ്യാറായ ആളുകളെയും മുഖ്യപ്രതി സാബിത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്നത് സജിത് ശ്യാം ആണെന്നാണ് പ്രോസിക്യൂഷൻ വാദം.
അവയക്കടത്തിന് പിന്നിൽ വലിയ റാക്കറ്റുണ്ടെന്നും ഗൂഡാലോചനയിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. കേസിൽ എൻ.ഐ.എ അന്വേഷണം ഏറ്റെടുക്കാൻ പോവുകയാണെന്നും അന്താരാഷ്ട്ര ബന്ധം അന്വേഷിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.