ഗുജറാത്തില്‍ തൊഴിലാളികൾ താമസിക്കുന്ന ആറുനില കെട്ടിടം തകര്‍ന്നുവീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

0
1174

സൂറത്ത്: ഗുജറാത്തില്‍ ആറുനില കെട്ടിടം തകര്‍ന്നുവീണു. ടെക്‌സ്റ്റൈല്‍ തൊഴിലാളികൾ കുടുംബവുമായി താമസിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഒരു സ്ത്രീയെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം. പാലിഗ്രാമിലെ ഡി.എന്‍. നഗര്‍ സൊസൈറ്റിയിലെ കെട്ടിടമാണ് തകര്‍ന്നത്. വിവരമറിഞ്ഞ് ഉടന്‍ എത്തിയ അഗ്നിരക്ഷാ സേനയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. സ്ഥലം എം.എല്‍.എ. സന്ദീപ് ദേശായി, സൂറത്ത് പോലീസ് കമ്മിഷണര്‍ അനുപം സിങ് ഗെഹലോട്ട്, ജില്ലാ കളക്ടര്‍ ഡോ. സൗരഭ് പ്രധി എന്നിവര്‍ സ്ഥലത്തെത്തി.

ജെ.സി.ബിയും ഡ്രില്ലിങ് മെഷീനുകളും ഉള്‍പ്പെടെ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കിയാണ് തിരച്ചില്‍ നടത്തുന്നത്. എത്രപേരാണ് കുടുങ്ങിക്കിടക്കുന്നതെന്ന് ഇനിയും വ്യക്തമല്ലെന്ന് എം.എല്‍.എയും ജില്ലാ കളക്ടറും പറഞ്ഞു. ഫ്‌ളഡ് ലൈറ്റ് സ്ഥാപിച്ചാണ് രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടരുന്നത്. രാത്രി ടെക്‌സ്റ്റൈല്‍ ഡ്യൂട്ടി കഴിഞ്ഞ് എത്തി ഉറങ്ങുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. ദേശീയ, സംസ്ഥാന ദുരന്ത പ്രതികരണ സേനകളും സ്ഥലത്തുണ്ട്.