ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം ഏപ്രിൽ 18-ന്, മദീനയിലേക്കാണ് ആദ്യ സർവീസ്

ജിദ്ദ: ഹജ്ജ് തീർത്ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം ഏപ്രിൽ 18-ന് (ദുൽ ഖഅദ് ഒന്ന്) സൗദി അറേബ്യയിലെത്തും.

മുംബൈയിൽ നിന്നുള്ള 400-ലധികം തീർത്ഥാടകർ മദീനയിലാണ് ആദ്യമിറങ്ങുന്നത്. ഇത്തവണ ആകെ 1,75,025 ഇന്ത്യൻ തീർത്ഥാടകർക്കാണ് ഹജ്ജ് കർമത്തിന് അവസരം ലഭിച്ചിരിക്കുന്നത്.

ഇതിൽ 1,22,518 പേർ ഹജ്ജ് കമ്മിറ്റി വഴിയും 52,507 പേർ സ്വകാര്യ ഗ്രൂപ്പുകൾ വഴിയുമാണ് എത്തുന്നത്. തീർത്ഥാടകരെ സ്വീകരിക്കുന്നതിനായുള്ള എല്ലാ സജ്ജീകരണങ്ങളും മക്കയിലും മദീനയിലും പൂർത്തിയായതായി ഇന്ത്യൻ ഹജ്ജ് മിഷൻ അറിയിച്ചു.

താമസവും ഗതാഗതവും
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ മദീനയിലെത്തുന്ന മുഴുവൻ ഹാജിമാർക്കും പ്രവാചക പള്ളിക്ക് തൊട്ടടുത്തുള്ള ‘മർക്കസിയ’ ഏരിയയിലാണ് താമസം ഒരുക്കിയിരിക്കുന്നത്. യാത്രകൾ കൂടുതൽ സുഗമമാക്കുന്നതി​െൻറ ഭാഗമായി 50 ശതമാനത്തോളം ഹാജിമാർക്ക് മക്കയിലേക്കും മദീനയിലേക്കുമുള്ള യാത്രകൾക്ക് ഹൈസ്പീഡ് മെട്രോ സൗകര്യം ലഭ്യമാക്കും.

മക്കയിൽ വിവിധയിടങ്ങളിൽ താമസിക്കുന്ന തീർത്ഥാടകർക്ക് ഹറമിലേക്ക് പോകുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഷട്ടിൽ ബസ് സർവീസുകൾ സജ്ജീകരിച്ചിട്ടുണ്ട്.

ഹജ്ജ് കമ്മിറ്റി വഴി എത്തുന്ന മുഴുവൻ തീർത്ഥാടകർക്കും ഇത്തവണ പ്രത്യേക സ്മാർട്ട് വാച്ചുകൾ വിതരണം ചെയ്യും. തീർത്ഥാടകരെ ട്രാക്ക് ചെയ്യുന്നതിനും, അടിയന്തര സേവനങ്ങൾ ലഭ്യമാക്കുന്നതിനും പുറമെ ഇൻറർനെറ്റ് സൗകര്യവും ഇതിലുണ്ടാകും. മിന, അറഫ എന്നിവിടങ്ങളിലെ ടെൻറുകളിൽ എയർ കണ്ടീഷനിങ്​, ലഗേജ് സ്​റ്റോറേജ്, വിശ്രമ സൗകര്യങ്ങൾ എന്നിവ മുൻവർഷങ്ങളെ അപേക്ഷിച്ച് മെച്ചപ്പെടുത്തിയിട്ടുണ്ട്.