ജിദ്ദയിൽ നിന്ന് പുറപ്പെട്ട സലാം എയർ 24 മണിക്കൂർ പിന്നിടുമ്പോഴും കരിപ്പൂരിലെത്തിയില്ല, യാത്രക്കാർ ഇപ്പോൾ മസ്കറ്റിൽ കുടുങ്ങി കിടക്കുന്നു

0
3968

ജിദ്ദ/മസ്കറ്റ്: ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട സലാം എയർ യാത്രക്കാക്ക് കൊടിയ ദുരിതം. 24 മണിക്കൂർ കഴിഞ്ഞിട്ടും കോഴിക്കോട് ഇറങ്ങാൻ കഴിയാതെ പാതിവഴിയിൽ കുടുങ്ങി കിടക്കുകയാണ് യാത്രക്കാർ. തിങ്കളാഴ്ച വൈകീട്ട് ജിദ്ദയിൽ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച പുലർച്ചെ കോഴിക്കോട് ഇറങ്ങേണ്ട സലാം എയർ വിമാനത്തിലെ യാത്രക്കാർക്കാണ് കൊടിയ ദുരിതം സമ്മാനിച്ച് അവസാനിക്കാത്ത യാത്രയായി ഇപ്പോഴും കഴിയുന്നത്.

ഇന്നലെ (തിങ്കൾ) വൈകീട്ട് 4:10 നു ജിദ്ദയിൽ നിന്ന് പുറപ്പെടേണ്ട 6WYEIA വിമാനം യാത്ര തുടങ്ങിയത് തന്നെ ഏഴു മണിക്കൂർ വൈകിയാണ്. യാത്രക്ക് തയ്യാറായി പുറപ്പെടാൻ നേരം എഞ്ചിനിൽ കണ്ടെത്തിയ സാങ്കേതിക പ്രശ്നത്തെ തുടർന്ന് യാത്രക്കാരെ ഒരു മണിക്കൂറിനു ശേഷം വിമാനത്തിൽ നിന്ന് പുറത്തിറക്കി. ശേഷം ഏഴു മണിക്കൂറിനു ശേഷമാണ് വിമാനം മസ്കറ്റിലേക്ക് പുറപ്പെട്ടത്. പുലർച്ചെ മൂന്ന് മണിയോടെ മസ്കറ്റിൽ ഇറങ്ങിയ യാത്രക്കാർ ഇപ്പോഴും ഇനി എപ്പോൾ യാത്ര തിരിക്കുമെന്ന് പോലും അറിയാതെ മസ്കറ്റിൽ കഴിയുകയാണ്.

4:10 ന് ജിദ്ദയിൽ നിന്ന് പുറപ്പെടാനായുള്ള വിമാനത്തിൽ എത്തിച്ചേരാൻ ജിദ്ദയുടെ വിദൂര ദിക്കുകളിൽ നിന്ന് മണിക്കൂറുകൾ മുന്നേ യാത്ര തിരിച്ച നിരവധി പ്രവാസികൾ ഉൾപ്പെടെ ഗർഭിണികളും കുട്ടികളും പ്രായമായവരും ഉൾപ്പെടെ നിരവധി യാത്രക്കാരാണ് 25 മണിക്കൂർ പിന്നിട്ടിട്ടും ഇനിയെപ്പോൾ നാട്ടിലെത്തുമെന്ന് പോലും അറിയാതെ മസ്കറ്റിൽ കഴിയുന്നത്. ഇന്ന് പുലർച്ചെ ഇറങ്ങിയ യാത്രക്കാർക്ക് മസ്കറ്റിൽ ആവശ്യമായ ഭക്ഷണ, താമസ സൗകര്യങ്ങൾ പോലും സലാം എയർ നൽകിയിട്ടില്ല. സമയം ഇത്രയായിട്ടും ഉച്ച ഭക്ഷണം പോലും ഇത് വരെ നൽകിയിട്ടില്ല. യാതൊരു ഉത്തരവാദിത്വവുമില്ലാത്ത നിലപാടും ഇടപെടലുകളുമാണ് സലാം എയറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് യാത്രക്കാർ പരാതിപ്പെട്ടു.

ഇതിനിടെ സലാം എയർ കൗണ്ടറിൽ പല തവണ അന്വേഷണം നടത്തിയെങ്കിലും നാട്ടിലേക്ക് എപ്പോൾ അയക്കും എന്നതിൽ വ്യക്തതയില്ല. ഇന്ന് രാത്രി കോഴിക്കോട്ടേക്ക് പോകുന്ന സലാം എയർ വിമാനത്തിൽ നാട്ടിലേക്ക് അയക്കുമെന്ന് കൗണ്ടറിലെ ഒരു പാക് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നുവെങ്കിലും ആ ഫ്ലൈറ്റിൽ സീറ്റ് ഫുൾ ആയതിനാൽ ഇപ്പോൾ അതും നടക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ, എപ്പോൾ എന്നതും ഇത് വരെ അറിയിച്ചിട്ടില്ല.

ഇതിനിടെ എയർപോർട്ടിൽ യാത്രക്കാർ ഒച്ചപ്പാടുകൾ ഉണ്ടാക്കിയെങ്കിലും ഫലം ഉണ്ടായില്ല. സുരക്ഷ ഉദ്യോഗസ്ഥർ സ്ഥലത്തേതിയെങ്കിലും ഒന്നും ചെയ്യാൻ കഴിയില്ലെന്ന മനോഭാവത്തിലായിരുന്നു. ഗർഭിണിയായ യാത്രക്കാരിക്ക് പോലും അർഹമായ പരിഗണന നൽകിയിട്ടില്ല. സലാം എയറിന്റെ ഈ സമീപനത്തിൽ യാത്രക്കാർ കടുത്ത നിരാശയിലും ശാരീരിക അവശതയിലുമാണെന്നും യാത്രക്കാരനായ മക്കയിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീം മലയാളം പ്രസ് ഓൺലൈനിനോട്‌ പറഞ്ഞു.