ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. ജാമ്യം അനുവദിച്ചുള്ള റൗസ് അവന്യൂകോടതി ഉത്തരവ് ഡല്‍ഹി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കെജ്‌രിവാള്‍ ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് ജാമ്യം തടഞ്ഞത്. ജാമ്യം അനുവദിച്ച വിചാരണകോടതി ഉത്തരവിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് കെജ്‌രിവാളിന്റെ ജാമ്യം തടയണം എന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണം എന്നായിരുന്നു ആവശ്യം. വിചാരണ കോടതി വ്യാഴാഴ്ച്ച രാത്രി എട്ട് മണിക്കാണ് ജാമ്യത്തിന് ഉത്തരവിട്ടത്. അതിന്റെ ഫയല്‍ ഇതുവരെയും അപ്ലോഡ് ചെയ്തിട്ടില്ലെന്നും ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമാണ് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയെ അറിയിച്ചത്.
‘ജാമ്യത്തെ എതിര്‍ക്കാര്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചിട്ടില്ല. എതിര്‍വാദം വേഗത്തില്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. എന്റെ എതിര്‍വാദം വെട്ടിച്ചുരുക്കി. എതിര്‍വാദങ്ങള്‍ പൂര്‍ണ്ണമായി അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, റിട്ടണ്‍ സബ്മിഷന്‍ നല്‍കാന്‍ അവസരവും ലഭിച്ചില്ല. അതിനാല്‍ ഉത്തരവ് സ്റ്റേ ചെയ്ത് വിഷയത്തില്‍ വാദം കേള്‍ക്കണം.പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് പൂര്‍ണമായി വാദിക്കാന്‍ അവസരം ലഭിക്കാത്തതിനാല്‍ ഒരു ദിവസം പോലും ഉത്തരവ് നിലനില്‍ക്കില്ല’ എന്നും അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
തുർന്ന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഫയല്‍ ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി ചൂണ്ടികാട്ടി. ഫയല്‍ കോടതിക്ക് മുന്നിലെത്തിയാല്‍ എസിജിക്ക് എതിര്‍വാദം അറിയിക്കാം. ഹൈക്കോടതി വിഷയം കേള്‍ക്കുന്നത് വരെ വിചാരണ കോടതി ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയാണ് എന്നും കോടതി അറിയിക്കുകയായിരുന്നു.
എന്നാല്‍ കെജ്‌രിവാളിന്റെ അഭിഭാഷകന്‍ വിക്രം ചൗധരി ഇഡി അപേക്ഷയെ എതിര്‍ത്തു. ഇഡി വാദം അതിശയകരവും അനുചിതവുമാണെന്ന് അഭിഭാഷകന്‍ പറഞ്ഞു. കോലാഹലം ഉണ്ടാക്കി വിവാദം സൃഷ്ടിച്ചാല്‍ വിഷയം അവസാനിക്കില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. റൗസ് അവന്യൂകോടതിയുടെ അവധിക്കാല ബെഞ്ച് ഒരു ലക്ഷ്യം രൂപയുടെ ജാമ്യത്തുകയിലായിരുന്നു കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്.