റിയാദ്: തയ്ക്വാൻഡോ 53 കിലോ വിഭാഗത്തിൽ ആഗോള റാങ്കിങ്ങിൽ നാലാമതെത്തി സഊദിയുടെ ദുനിയ അബുതാലിബ് അപൂർവ്വ നേട്ടം. സൗദിയുടെ കായിക ചരിത്രത്തിൽ ഈ നേട്ടത്തിലെത്തുന്ന ആദ്യ വനിതയാണ് ദുനിയ. പാരിസിൽ നടക്കാനിരിക്കുന്ന ഒളിംപിക്സിൽ സൗദിക്ക് വേണ്ടി നേരത്തെ തന്നെ ദുനിയ യോഗ്യത നേടിയിരുന്നു.
ഏഷ്യൻ ചാംപ്യൻഷിപ്പിലെ വനിതാ വിഭാഗം തയ്ക്വാൻഡോയിൽ സ്വർണം നേടിയാണ് ദുനിയാവ് കീഴടക്കാൻ ദുനിയ എത്തിയത്. സൗദി വനിത തയ്ക്വാൻഡോയിൽ നേടുന്ന ആദ്യ നേട്ടം കൂടിയായിരുന്നു ഇത്. യോഗ്യതാ ടൂർണമെന്‍റുകളിലൂടെ ഒളിംപിക്‌സിന് യോഗ്യത നേടുന്ന ആദ്യ സൗദി വനിതയെന്ന നിലയിൽ സൗദി കായിക ചരിത്രത്തിൽ സ്വന്തം പേര് എഴുതിവെച്ച ദുനിയ അബുതാലിബിന് കഴിഞ്ഞ വർഷം വൻ സ്വീകരണം ഒരുക്കിയിരുന്നു. സ്വർണമണിഞ്ഞെത്തിയ ദുനിയയെ സ്വീകരിക്കാൻ സൗദി കായിക മേഖലയിലെ പ്രമുഖർ വിമാനത്താവളത്തിൽ നേരിട്ടെത്തി.
ആഗോള കായികരംഗത്ത്, പ്രത്യേകിച്ച് തയ്ക്വാൻഡോയിൽ ദുനിയക്ക് ശോഭന ഭാവിയുണ്ടാകുമെന്ന് സൗദി അറേബ്യൻ ഒളിംപിക്, പാരാലിംപിക് കമ്മിറ്റി ഡപ്യൂട്ടി പ്രസിഡന്‍റ് പ്രിൻസ് ഫഹദ് ബിൻ ജലാവി ബിൻ അബ്ദുൽ അസീസ് ബിൻ മുസൈദ് പ്രവചിച്ചിരുന്നു. ആ പ്രവചനമാണ് ഇന്ന് ലോക റാങ്കിങ്ങിൽ ദുനിയ നാലാം സ്ഥാനത്തെത്തി സത്യമായി പുലർന്നിരിക്കുന്നത്.
അതേസമയം, പുരുഷ വിഭാഗത്തിൽ സൗദി തയ്ക്വാൻഡോ ദേശീയ ടീം അംഗമായ റിയാദ് ഹംദിയും ശ്രദ്ധേയമായ മുന്നേറ്റമാണ് റാങ്കിങ്ങിൽ നടത്തിയത്. 2024 ലെ ഏഷ്യൻ ചാംപ്യൻഷിപ്പ് സ്വർണ്ണ മെഡൽ ഉൾപ്പെടെയുള്ള ശ്രദ്ധേയമായ രാജ്യാന്തര, ഭൂഖണ്ഡ വിജയങ്ങൾ നേടിയ റിയാദ് ഹംദി, 54 കിലോഗ്രാം വിഭാഗത്തിൽ ആഗോളതലത്തിൽ ഏറ്റവും മികച്ച 10 കളിക്കാരിൽ ഇടം നേടി.
