പ്രവര്‍ത്തകനെ കൊണ്ട് കാല്‍ കഴുകിച്ചു; വെട്ടിലായി കോണ്‍ഗ്രസ് നേതാവ്

0
1539

മുംബൈ: പ്രവര്‍ത്തകനെ കൊണ്ട് കാല്‍ കഴുകിച്ച് വിവാദത്തിലായിരിക്കുകയാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ. പാര്‍ട്ടി പ്രവര്‍ത്തകന്‍ പടോലെയുടെ കാല്‍ കഴുകുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ഷെയര്‍ ചെയ്ത വീഡിയോയിലാണ് പാര്‍ട്ടി പ്രവര്‍ത്തകന്‍ കാറിലിരിക്കുന്ന പടോലെയുടെ കാല്‍കഴുകുന്ന ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുന്നത്. പടോലെ അകോല ജില്ലയിലെ നാനാസാഹെബ് ചിഞ്ചോള്‍ക്കര്‍ വിദ്യാലയം സന്ദര്‍ശിക്കുന്നതിനിടയിലാണ് സംഭവം.

വീഡിയോ വിവാദമായതിന് പിന്നാലെ പടോല വിശദീകരണവുമായി എത്തി. ‘മഴ കാരണം, ചെളി ഉണ്ടായിരുന്നു, കാലില്‍ ചെളി ആയതിനെ തുടര്‍ന്ന് ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരിലൊരാള്‍ വന്ന് എന്റെ കാലില്‍ വെള്ളം ഒഴിച്ചു തന്നു, ഞാന്‍ എന്റെ കാലുകള്‍ കഴുകി. ഇത് ബിജെപി വലിയ പ്രശ്നമാക്കി… ‘ഹര്‍ ഘര്‍ മേ നല്‍, ഹര്‍ ഘര്‍ മേ ജല്‍’ എന്നൊക്കെ സംസാരിക്കുന്ന ബിജെപി പൈപ്പ് സ്ഥാപിച്ചിരുന്നെങ്കില്‍ ഞാന്‍ പോയി ടാപ്പ് വെള്ളം കൊണ്ട് എന്റെ കാല്‍ കഴുകുമായിരുന്നു’- എന്നാണ് പടോലെയുടെ വിശദീകരണം.

കോണ്‍ഗ്രസിന്റെ ‘നവാബി ഫ്യൂഡല്‍ ഷെഹ്സാദ’ മനോഭാവത്തിന്റെ പ്രതിഫലനമാണ് നടപടിയെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല പറഞ്ഞു. പാര്‍ട്ടിയും പടോലെയും മാപ്പ് പറയണമെന്ന് ഷെഹ്സാദ് പൂനവല്ല ആവശ്യപ്പെട്ടു. ‘കോണ്‍ഗ്രസിന് നവാബി ഫ്യൂഡല്‍ ഷെഹ്സാദ ചിന്താഗതിയാണ് ഉള്ളത്. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലയുടെ കാല്‍ അകോലയിലെ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കഴുകുന്നു. അവര്‍ ജനങ്ങളോടും പ്രവര്‍ത്തകരോടും രാജാക്കന്മാരെ പോലെയാണ് പെരുമാറുന്നത്. അതിനാല്‍ കോണ്‍ഗ്രസ് മാപ്പ് പറയണം’-ഷെഹ്‌സാദ പറഞ്ഞു.