റിയാദ്: മലയാളി ഫുട്ബോൾ താരം സഊദി അറേബ്യയിൽ അറസ്റ്റിലായി. മലപ്പുറം വാഴക്കാട് സ്വദേശി ഫുട്ബോൾ താരമാണ് സഊദി അറേബ്യയിലെ അബഹ വിമാനത്താവളത്തിൽ പിടിയിലായത്. മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സ്റ്റിക്കർ സഹിതമാണ് താരത്തെ പിടികൂടിയിരിക്കുന്നത്. അന്താരാഷ്ട്ര മദ്യ ബ്രാൻഡായ റോയൽ വോഡ്കയുടെ സ്റ്റിക്കറുകളുടെ വൻ ശേഖരവുമായാണ് പിടിയിലായത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വിമാനത്താവളത്തിൽ നിന്നും ലഗേജുമായി പുറത്തേക്ക് കടക്കവേ സുരക്ഷാ പരിശോധനയിൽ പിടിയിലാകുകയായിരുന്നു. അബഹയിൽ പെരുന്നാളിനും പിറ്റേന്നുമായി രണ്ടു പ്രമുഖ പ്രവാസി സംഘടനകൾ സംഘടിപ്പിക്കുന്ന ഫുട്ബോൾ മത്സരത്തിൽ അബഹയിലെ മലയാളി ടീമിന് വേണ്ടി കളിക്കാനെത്തിയതായിരുന്നു ഇദ്ദേഹം. അഞ്ചു പേരാണ് ടൂർണ്ണമെന്റുകളിൽ കളിക്കുന്നതിന് കോഴിക്കോട് നിന്നും എയർ അറേബ്യ വിമാനത്തിൽ ഇന്നലെ വൈകിട്ട് 3.30ന് അബഹയിൽ ഇറങ്ങിയത്. ഇവരിൽ ഒരാളാണ് സുരക്ഷാ വിഭാഗത്തിന്റെ പിടിയിൽ പെട്ട് കസ്റ്റഡിയിൽ കഴിയുന്നത്.
ടൂർണ്ണമെന്റുകളിൽ കളിക്കുന്നതിന് പലതവണയായി സഊദിയുടെ വിവിധ ഭാഗങ്ങളിൽ എത്തിയ താരം കൂടിയാണ് ഇപ്പോൾ പിടിയിലായത്. സുഹൃത്തും അടുപ്പക്കാരനുമായ ആളാണ സ്റ്റിക്കറുകൾ കൈമാറിയതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സഊദിയിൽ സ്ഥാപനമുള്ള ഇദ്ദേഹം ജ്യൂസിന്റെ സ്റ്റിക്കർ എന്ന പറഞ്ഞാണ് വിമാനത്താവളത്തിൽ വെച്ച് ബാഗേജ് കൈമാറിയതെന്നാണ് അറിയുന്നത്. അബഹയിൽ എത്തുന്ന മുറക്ക് ബാഗേജ് കളക്ട് ചെയ്യുമെന്നുമായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ വരുന്ന ആളുടെ വിവരങ്ങൾ കൈമാറിയിരുന്നില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
