സ്ത്രീകളെ പിറകിൽ നിന്നടിക്കും, കടന്നുകളയും; ആശങ്കയിൽ

0
3767

കണ്ണൂര്‍: കരിവെള്ളൂരിലും പരിസരങ്ങളിലും പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകളെ സ്ഥിരമായി ശല്യം ചെയ്യുന്ന ആൾ തലവേദനയാകുന്നു. സ്‌കൂട്ടറിലെത്തുന്ന അക്രമി പിറകിൽ നിന്ന് സ്ത്രീകളെ അടിചാ ശേഷം രക്ഷപ്പെട്ട് പോകാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയിലധികമായി.

ഇതിനകം പത്തിലധികം സ്ത്രീകൾക്ക് അടി കിട്ടി. ഇയാളെ പിടിക്കാൻ പലതവണ നാട്ടുകാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പെരളം, കൊഴുമ്മൽ, പുത്തൂർ ഭാഗങ്ങളിലുള്ളവർക്കാണ് ആദ്യം അടി കിട്ടിയത്.

രാവിലെ വെളിച്ചം വീഴുന്നതിനു മുൻപ്‌ നടക്കുന്നവരെയാണ് അടിക്കുന്നത്. കൂട്ടമായി സഞ്ചരിക്കുന്നവരെയും വെറുതെ വിടുന്നില്ല. സ്കൂട്ടറിലെത്തി പിറകിൽനിന്ന് അടിച്ച ഉടനെ വേഗത്തിൽ വണ്ടി ഓടിച്ചുപോവും. മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തി വീണ്ടും തിരിച്ചുവരാറുണ്ടെന്നും പരാതിക്കാർ പറയുന്നു. വെളിച്ചക്കുറവുകൊണ്ടും ഹെൽമറ്റ് ധരിച്ചിരിക്കുന്നതുകൊണ്ടും അക്രമിയെ തിരിച്ചറിയാൻ കഴിയുന്നില്ലെന്നും ഇവർ പറയുന്നു.

കഴിഞ്ഞ ദിവസം നിടുവപ്പുറത്തെ മൂന്ന് സ്ത്രീകളെ തുടർച്ചയായി രണ്ട് ദിവസം അടിച്ചു. വിജനമായ സ്ഥലം നോക്കിയായിരുന്നു ആക്രമണം. ഇതുപേടിച്ച് നിരവധി സ്ത്രീകൾ പ്രഭാതസവാരി തന്നെ നിർത്തി. ബുധനാഴ്ച രാത്രി എട്ടിന് പുത്തൂരിലെ ഒരു സ്ത്രീക്ക് അടിയേറ്റ സംഭവവും ഉണ്ടായി. റോഡരികിലെ വീട്ടുമുറ്റത്തു നിന്ന് ഫോൺ ചെയ്യുമ്പോൾ സ്കൂട്ടറിലെത്തി അടിക്കുകയായിരുന്നു. അടി കിട്ടിയ സ്ത്രീകൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.