കാലത്തിന്റെ ചുവരെഴുത്ത് തിരിച്ചറിഞ്ഞ് ഉണര്‍ന്നും ഉയര്‍ന്നും പ്രവര്‍ത്തിക്കാന്‍ നേതൃത്വത്തിന് അറിയും; ഹാരിസ് ബീരാന്റെ സ്ഥാനാര്‍ത്ഥിത്വം: ലീഗിനെ പ്രശംസിച്ച് കെ ടി ജലീല്‍

0
1972

മലപ്പുറം: രാജ്യസഭയിലേക്കുള്ള അഡ്വ. ഹാരിസ് ബീരാന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ മുസ്ലിം ലീഗിനെ പ്രശംസിച്ച് കെ ടി ജലീല്‍. കാലത്തിന്റെ ചുവരെഴുത്ത് തിരിച്ചറിഞ്ഞ് ഉണര്‍ന്നും ഉയര്‍ന്നും പ്രവര്‍ത്തിക്കാന്‍ ലീഗ് നേതൃത്വത്തിന് അറിയുമെന്ന് വെളിപ്പെടുത്തുന്നതാണ് ഹാരിസ് ബീരാന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന് കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ഭരണഘടന പൊളിച്ചെഴുതാനുള്ള നീക്കങ്ങള്‍ സംഘ്പരിവാര്‍ ശക്തിപ്പെടുത്തിയ കാലത്ത് നിയമ പാണ്ഡിത്യമുള്ള ഒരാളെ രാജ്യസഭയിലേക്കയക്കാന്‍ സാദിഖലി തങ്ങള്‍ കാണിച്ച ഔചിത്യം അഭിനന്ദനീയമാണ് എന്നും കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു.

‘രാജ്യസഭാംഗത്വം ഒരു പാര്‍ടൈം ജോലിയാക്കാതെ നോക്കണം. സഭയില്‍ മുഴുസമയം ഇരിക്കാനും ഉചിതമായ സമയത്ത് നിര്‍ഭയം ചര്‍ച്ചകളില്‍ ഇടപെടാനും ഇന്ത്യന്‍ ഭരണകൂടത്തിന്റെ മുഖത്തുനോക്കി ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനും ഹാരിസ് ബീരാന് സാധിക്കണം.

കല്ല്യാണത്തിനും കളിയാട്ടത്തിനും പോയി സഭയില്‍ ഹാജരാകാത്ത സ്ഥിതി ഒരുകാരണവശാലും ഉണ്ടാകാതെ സൂക്ഷിക്കണം. പ്രധാനപ്പെട്ട വോട്ടിംഗ് വേളകളില്‍ വിമാനം കിട്ടാത്ത സാഹചര്യവും ആവര്‍ത്തിക്കപ്പെടാതെ ശ്രദ്ധിക്കണം. പേരിനൊരാളല്ല താനെന്ന് കഠിനാദ്ധ്വാനത്തിലൂടെ ഹാരിസ് തെളിയിക്കണം.

പൊതു പ്രശ്‌നങ്ങള്‍ക്കൊപ്പം ന്യൂനപക്ഷ വിഷയങ്ങളിലും രാജ്യസഭയില്‍ ഗര്‍ജിക്കുന്ന സഖാവ് ജോണ്‍ ബ്രിട്ടാസിന്റെ മാതൃക പിന്‍പറ്റിയാല്‍ നന്നാകും. വര്‍ത്തമാന ഇന്ത്യയില്‍ ഏറ്റവുമധികം വെല്ലുവിളികള്‍ നേരിടുന്ന ഒരു ജനതയുടെ വികാരവിചാരങ്ങള്‍ മനസ്സില്‍ എരിഞ്ഞുകൊണ്ടേയിരിക്കണം. ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി ശക്തമായി ശബ്ദിക്കുന്ന സഹോദര പാര്‍ട്ടികളില്‍ പെടുന്ന മനുഷ്യസ്‌നേഹികളായ സഹപ്രവര്‍ത്തകരെ അഭിനന്ദിക്കാനും ബഹുമാനിക്കാനും ഒരുപിശുക്കും കാണിക്കരുത്.

കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ സഭയില്‍ ആഞ്ഞടിക്കണം. ഭരണഘടനയുടെ അടിസ്ഥാന ശിലയായ മതേതരത്വത്തിനെതിരെയുള്ള നീക്കത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കണം’, കെ ടി ജലീല്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പരാമർശം.

കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കാന്‍ പോകുന്ന മൂന്ന് രാജ്യസഭാംഗങ്ങളെക്കുറിച്ചും അവരുമായുള്ള വ്യക്തി ബന്ധത്തെക്കുറിച്ചുമായിരുന്നു കെ ടി ജലീലിന്റെ കുറിപ്പ്.