300 കോടി രൂപയുടെ സ്വത്തിനുവേണ്ടി ഒരു കോടി രൂപയുടെ ക്വട്ടേ‌ഷൻ; മരുമകൾ ഭർതൃപിതാവിനെ കൊന്നു

0
2764

നാഗ്പൂർ: നാഗ്പൂരിൽ 82 വയസുകാൻ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. 300 കോടി രൂപയുടെ കുടുംബ സ്വത്തിനുവേണ്ടി മരുമകൾ നടത്തിയ കൊലപാതകമാണെന്നാണ് പൊലീസ് കണ്ടെത്തൽ.

സംഭവത്തിൽ മരുമകളായ അർച്ചന മനീഷ് പുത്തേവാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരാസൂത്രണ വിഭാഗത്തിൽ അസിസ്റ്റൻ്റ് ഡയറക്ടറായി ജോലി ചെയ്യുകയാണ് അർച്ചന. കൊലപാതകം നടത്താൻ അർച്ചന വാടകകൊലയാളികളെ ഏർപ്പെടുത്തിയെന്നാണ് പൊലീസ് നൽകുന്ന വിവരം.

കൊലപാതകം ആസൂത്രണം ചെയ്യാൻ തൻ്റെ ഭർത്താവിൻ്റെ ഡ്രൈവറെയും മറ്റ് രണ്ട് പ്രതികളായ നീരജ് നിംജെ, സച്ചിൻ ധാർമിക് എന്നിവരുടെ സഹായം തേടിയെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അവർക്ക് പ്രതിഫലമായി ഒരു കോടി രൂപ നൽകിയെന്നും പൊലീസ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ഐപിസി, മോട്ടോർ വെഹിക്കിൾ ആക്ട് എന്നിവ പ്രകാരം കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ പൊലീസ് ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

രണ്ട് കാറുകളും സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും പ്രതികളുടെ കൈയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ​ദിവസം ആശുപത്രിയിൽ കഴിയുന്ന ഭാര്യയെ കണ്ടു മടങ്ങുമ്പോളാണ് പുരുഷോത്തം പുത്തേവാർ സാഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുന്നത്.

കാർ ഓടിച്ചത് മകനും അർച്ചനയുടെ ഭർത്താവുമായ മനീഷാണെന്നാണ് പൊലീസിന്റെ കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് പിന്നാലെ നഗരാസൂത്രണ വിഭാ​ഗത്തിൽ ജോലി ചെയ്യുന്ന അർച്ചന മനീഷ് പുത്തേവാറിൻ്റെ പ്രവർത്തനത്തിലും വലിയ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ നിരവധി പരാതികൾ ഉണ്ടായിരുന്നെങ്കിലും രാഷ്ട്രീയ ബന്ധത്തിൻ്റെ പേരിൽ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.