Saturday, 27 July - 2024

ഹജ്ജ് സമയത്തെ മലയാളി വളണ്ടിയർ സേവനം അനിശ്ചിതത്വത്തിൽ

മക്ക: ഹജ്ജ് സമയത്ത് വിശുദ്ധ പുണ്യ ഭൂമികളിൽ എത്തുന്ന ഹാജിമാർക്ക് മലയാളി ഹജ്ജ് വളണ്ടിയർ സംഘങ്ങൾ നൽകുന്ന സേവനങ്ങൾ ഇത്തവണ അനിശ്ചിതത്വത്തിൽ. ഹജ്ജ് തുടങ്ങുന്ന സമയം മുതൽ മിന, അറഫാത്ത് തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തവണ മലയാളി ഹജ്ജ് വളണ്ടിയർമാരുടെ സേവനം ഉണ്ടാകില്ലെന്നാണ് സൂചന. ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് അനുകൂലമായ നിലപാട് ഇല്ലാത്തതാണ് സേവനം നൽകുന്നതിൽ ഇത്തവണ മലയാളി ഹജ്ജ് വളണ്ടിയർ സംഘങ്ങളെ പിന്നോട്ടടുപ്പിക്കുന്നത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പ്രതിസന്ധികൾ മുന്നിൽ കണ്ട് കൊണ്ട് തന്നെ പ്രമുഖ സംഘടനകൾ തങ്ങളുടെ കീഴ്ഘടങ്ങൾക്ക് ഇത് സംബന്ധിച്ച നിർദേശങ്ങൾ നൽകിക്കഴിഞ്ഞു. ഇത്തവണ മിന, അറഫാത്ത്, ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സേവനം നൽകാൻ കഴിയില്ലെന്ന് പ്രമുഖ സംഘടനകൾ വ്യക്തമാക്കി കഴിഞ്ഞു. വളണ്ടിയർമാർക്ക് വേണ്ട പരിശീലന പരിപാടികളും മറ്റും ഏറെക്കുടെ സംഘടനകൾ പൂർത്തിയാക്കി കഴിഞ്ഞിരുന്നു. ഇതിനിടെയാണ്, ഇത്തവണ വളണ്ടിയർ സേവനത്തിനു ഇറങ്ങാൻ സാധിക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

സാധാരണയായി കെഎംസിസി, വിഖായ, തനിമ, ഒഐസിസി, ഐസിഎഫ്, ആർ എസ് സി തുടങ്ങി ഒട്ടുമിക്ക മലയാളി സംഘടനകളുടെയും സേവന വിഭാഗം ഹാജിമാർ വന്നത് മുതൽ മക്കയിലും ഹജ്ജ് തുടങ്ങുന്ന സമയം മുതൽ മിന ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും സേവന നിരതരാകാറുണ്ട്. ഈ വർഷവും സമാനമായ നിലയിൽ തന്നെ ഉഷാറായ പ്രവർത്തനം കാഴ്ചവെക്കാൻ സംഘടനകൾ പദ്ധതികളും തയാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി വിവിധ സംഘടനകൾ ഇപ്പോൾ മക്കയിൽ സേവനം അനുഷ്ഠിച്ചു വരികയാണ്. എന്നാൽ, ഹജ്ജ് തുടങ്ങുന്ന വേളയിൽ മറ്റു സ്ഥലങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാൻ സാധിക്കാത്ത അവസ്ഥയാണിപ്പോൾ.

ഹജ്ജ് നടക്കുന്ന മിനയിൽ ഉൾപ്പെടെ പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശം ഈ വർഷം കർശനമാക്കിയിട്ടുണ്ട്. ഹാജിമാർക്ക് ഉൾപ്പെടെ ‘നുസുക്’ പെർമിറ്റ് ഉള്ളവരെ മാത്രമേ മിനയിലേക്ക് ഉൾപ്പെടെ പ്രവേശനം നൽകൂവെന്നാണ് വിവരം. മുൻകാലങ്ങളിൽ എംബസിയുടെ ഔദ്യോഗിക കാർഡുകൾ ലഭിക്കുന്നവർക്ക് പ്രവേശനം അനുവദിച്ചിരുന്നു. എന്നാൽ, ഇത്തവണ ഇങ്ങനെയുള്ള കാർഡുകൾക്കും അനുമതി നൽകുകയില്ലെന്നാണ് വിവരം. ഇതാണ് സംഘടനകൾ പിന്തിരിപ്പിക്കാൻ കാരണം.

ദൂര ദിക്കുകളിൽ നിന്ന് സേവനത്തിനായി എത്തുന്നവർക്ക് ഇപ്പോൾ തന്നെ മുഖ്യധാര സംഘടനകൾ നിർദേശം നൽകിക്കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ, സേവനം നൽകാനായി പുണ്യ സ്ഥലങ്ങളിൽ എത്തേണ്ടെന്നും ഏതെങ്കിലും തരത്തിൽ അനുമതി ലഭിച്ചാൽ ഉചിതമായ നിലിയിൽ കാര്യങ്ങൾ തീരുമാനിക്കാമെന്നുമാണ് ഇവർ അറിയിച്ചിരിക്കുന്നത്. അല്ലാത്ത പക്ഷം മക്കയിൽ നിലവിൽ നടക്കുന്ന പോലെ സേവനം തുടരാനും സാധ്യമെങ്കിൽ ഇവരെ വെച്ച് മിന ഓപ്പറേഷൻ നടത്താനുമാണ് സംഘടനകളുടെ തീരുമാനം. എംബസിയുമായി ബന്ധപ്പെട്ട് പരിഹാരം കാണാനുള്ള ശ്രമവും വിജയിക്കാത്തത് നിരാശ ഉണ്ടാക്കിയിട്ടുണ്ട്.

ഏതായാലും ലോകത്തിന്റെ അഷ്ടദികുകളിൽ നിന്നെത്തുന്ന ഹാജിമാരെ സേവിക്കാനായി സേവന സന്നദ്ധരായി മുന്നോട്ട് വന്ന പ്രവർത്തകർക്ക് നിലവിലെ അവസ്ഥ ഏറെ ദുഖമുളവാക്കിയിട്ടുണ്ട്. അതേസമയം, അവസാന ഘട്ടത്തിൽ എങ്കിലും ഔദ്യോഗിക അനുമതി ലഭിക്കുമെന്ന പ്രാർത്ഥനയിലാണ് സംഘടനകൾ.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: