Saturday, 27 July - 2024

സുരേഷ് ഗോപിയെ വിടാതെ മോദി; സിനിമകൾ വേഗം തീർത്ത് കാബിനറ്റ് പദവിയിലേക്ക് വരാൻ നിർദ്ദേശം

തിരുവനന്തപുരം: മന്ത്രിസഭയിൽനിന്ന് ഒഴിയാൻ ശ്രമിച്ച സുരേഷ് ഗോപിക്ക് പൂർണ പിന്തുണ നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമയാണ് വരുമാന മാർഗമെന്നും ലഭിക്കുന്ന പണത്തിൽ കൂടുതലും സമൂഹത്തിനായി ചെലവാക്കുകയാണെന്നും സുരേഷ് ഗോപി പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.

നിലവിൽ ധാരണയായ സിനിമകൾ പൂർത്തിയാക്കാൻ സാഹചര്യം ഒരുക്കാമെന്നും ഡൽഹിയിലേക്ക് ഉടൻ സത്യപ്രതിജ്ഞയ്ക്കായി പുറപ്പെടാനും പ്രധാനമന്ത്രി സുരേഷ് ഗോപിയോടു നിർദ്ദേശിക്കുകയായിരുന്നു.

സഹമന്ത്രി സ്ഥാനം ലഭിച്ചതിൽ സുരേഷ് ഗോപി അതൃപ്തനാണെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. ഇതേത്തുടർന്ന് അദ്ദേഹം മന്ത്രിസ്ഥാനം ഒഴിയാൻ ശ്രമം നടത്തുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. ഇതിനിടെയാണ് അത്തരം റിപ്പോർട്ടുകൾ തള്ളി സുരേഷ് ഗോപി രംഗത്തെത്തിയത്. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനവും സിനിമാ തിരക്കുകളുടെ പശ്ചാത്തലത്തിൽ സുരേഷ് ഗോപി വേണ്ടെന്നു വയ്ക്കുകയായിരുന്നു.

ആന്ധ്രയിൽനിന്നുള്ള നേതാവായ നടൻ പവൻ കല്യാണിനും സുരേഷ് ഗോപിക്കും കാബിനറ്റ് പദവിയോടെ മന്ത്രിസ്ഥാനം നൽകാനാണ് ആലോചനയുണ്ടായിരുന്നത് എന്നാണ് സൂചന. പവൻ കല്യാണുമായി സുരേഷ് ഗോപി ചർച്ച നടത്തിയതായാണ് വിവരം.

കാബിനറ്റ് റാങ്ക് ലഭിച്ചാൽ സിനിമയിൽ അഭിനയിക്കുന്നതിലുള്ള തടസങ്ങൾ പവൻ കല്യാൺ സുരേഷ് ഗോപിയെ അറിയിച്ചു. പവൻ കല്യാൺ മന്ത്രിപദം ഏറ്റെടുത്തതുമില്ല. ഇതോടെയാണ് മന്ത്രിപദം ഏറ്റെടുക്കാനില്ലെന്ന് സുരേഷ് ഗോപി കേന്ദ്രത്തെ അറിയിച്ചത്. പ്രധാനമന്ത്രിയോടും ഇക്കാര്യം സുരേഷ് ഗോപി വിശദീകരിച്ചു.

സിനിമകൾ വേഗം തീർത്ത് കാബിനറ്റ് പദവിയിലേക്ക് വരാമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദേശം. സിനിമകൾ തടസപ്പെടാത്ത സാഹചര്യം ഒരുക്കാമെന്നും വ്യക്തമാക്കി. ഇതോടെയാണ് സുരേഷ് ഗോപി സഹമന്ത്രി സ്ഥാനം ഏറ്റെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഏറ്റെടുത്ത സിനിമകൾ പൂർത്തീകരിച്ചാൽ സുരേഷ് ഗോപി കാബിനറ്റ് പദവിയിലേക്ക് എത്തുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് ബിജെപിക്ക് ഗുണകരമാകുമെന്ന വിലയിരുത്തലുമുണ്ട്.

ഇന്നലെ രാവിലെയാണ് പ്രധാനമന്ത്രി സുരേഷ് ഗോപിയോട് സംസാരിച്ചത്. അപ്പോഴേക്കും രാവിലെ 6.10നുള്ള ഡൽഹി വിമാനം പുറപ്പെട്ടിരുന്നു. ടിക്കറ്റ് ലഭ്യമല്ലെന്ന വിവരം സുരേഷ് ഗോപി കേന്ദ്ര നേതാക്കളെ അറിയിച്ചു. ബെംഗളൂരുവിലെത്തി ചാർട്ടേഡ് വിമാനത്തിൽ ഡൽഹിയിലെത്താനായിരുന്നു നിർദേശം. പിന്നീട് പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടതോടെ തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൽ 3 ടിക്കറ്റുകൾ ലഭിച്ചു. സുരേഷ് ഗോപിയും ഭാര്യയും ഭാര്യയുടെ അമ്മയും ഡൽഹിയിലേക്ക് തിരിക്കുകയും ചെയ്തു.

Most Popular

error: