Saturday, 27 July - 2024

യു.പിയിൽ ഇസ്‌ലാമിക പണ്ഡിതൻ ഫാറൂഖ് ഖാസിമി കൊല്ലപ്പെട്ടു

ലഖ്നൗ: ഉത്തർപ്രദേശിൽ ഇസ്‌ലാമിക പണ്ഡിതൻ മൗലാനാ മുഹമ്മദ് ഫാറൂഖ് ഖാസിമി (70) കൊല്ലപ്പെട്ടു. സോൻപൂർ ഗ്രാമത്തിൽ ശനിയാഴ്ച രാവിലെയാണ് മൗലാനാ ഫാറൂഖിന്റെ മൃതദേഹം കണ്ടെത്തിയത്. ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ നടത്തിയ പ്രവർത്തനമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. ജംഇയ്യത്തുൽ ഉലമ ഹിന്ദ് പ്രതാപ്ഗഢ് ചാപ്റ്റർ ജനറൽ സെക്രട്ടറിയായിരുന്നു.

അതേസമയം, ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഈ വാദം കുടുംബവും നാട്ടുകാരും അനുയായികളും തള്ളി. കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.

അദ്ദേഹത്തെ ഇരുമ്പുദണ്ഡ് ഉപയോ​ഗിച്ച് അടിക്കുകയായിരുന്നെന്നും രക്തം വാർന്നു മരിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. അടിയേറ്റ് മണിക്കൂറുകളോളം വഴിയിൽ കിടന്ന മൗലാനാ ഫാറൂഖിനെ ആരും ആശുപത്രിയിലെത്തിക്കാനും തയാറായില്ല. ഇതോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ചന്ദ്രമണി തിവാരിയെന്നയാളും കൂട്ടാളികളും ചേർന്നാണ് ഫാറൂഖിയെ ആക്രമിച്ചതെന്ന് ഫാറൂഖിൻ്റെ അനന്തരവൻ മുഹമ്മദ് സാജിദ് പറഞ്ഞു. അദ്ദേഹത്തിന്റെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രം​ഗത്തെത്തുകയും പ്രതിയുടെ വീടിനു നേരെ കല്ലെറിയുകയും ചെയ്തു. ഇതോടെ ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് സൂപ്രണ്ട്, മുതിർന്ന അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥർ, ജില്ലാ മജിസ്‌ട്രേറ്റ് എന്നിവർ ഗ്രാമത്തിലെത്തി. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ് നാട്ടുകാർ ശാന്തരായത്.

Most Popular

error: