Monday, 17 June - 2024

‘സുരക്ഷാ ജീവനക്കാരനോട് പ്രശ്നമുണ്ടാക്കി, നിരോധിത മേഖലയിലേക്ക് കടക്കാൻ ശ്രമിച്ചു’; വിമാനത്താവളത്തിൽ കുടുങ്ങിയ യുപി സ്വദേശിക്ക് തുണയായി മലയാളികൾ

റിയാദ്: മാനസികാസ്വാസ്ഥ്യം മൂലം വിമാനത്താവളത്തിൽ കുടുങ്ങിയ ഉത്തർപ്രദേശ് സ്വദേശിക്ക് മലയാളി സാമൂഹികപ്രവർത്തകർ തുണയായി. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ട്രാൻസിസ്റ്റ് ടെർമിനലിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച മഹാരാജ് ഗഞ്ച് കൊൽഹ്യു സ്വദേശി ഇന്ദ്രദേവ് എന്ന യുവാവിനെയാണ് സാമൂഹിക പ്രവർത്തകർ ഏറ്റെടുത്ത് സംരക്ഷണം നൽകി നാട്ടിലെത്തിച്ചത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

നജ്റാനിലുള്ള പിതൃസഹോദര പുത്രൻ വഴി ഹൗസ് ഡ്രൈവറായും ആട്ടിടയനായും ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് എത്തിയത്. നജ്റാനിലായിരുന്നു ജോലിസ്ഥലം. പക്ഷെ ഒരാഴ്ചക്കുള്ളിൽ തന്നെ മാനസിക നില തകർന്ന ഇന്ദ്രദേവിനെ നജ്റാനിൽ നിന്ന് റിയാദ് വഴി ഡൽഹിയിലേക്ക് അയക്കാനാണ് നാസ് എയർ വിമാനത്തിൽ കയറ്റിവിട്ടത്. കണക്ഷൻ വിമാനത്തിൽ റിയാദിലെത്തിയ യുവാവ് ട്രാൻസിറ്റ് ടെർമിനലിലെ നിരോധിത മേഖലയിൽ കടക്കാൻ ശ്രമിക്കുകയും സുരക്ഷ ഉദ്യോഗസ്ഥനുമായി സംസാരമുണ്ടാകുകയും ചെയ്തതിനെ തുടർന്ന് വിമാനം അധികൃതർ യാത്ര നിഷേധിച്ചു. സുരക്ഷാ ക്രമ പ്രശ്നങ്ങളുണ്ടാക്കിയ യുവാവിന്‍റെ പെരുമാറ്റത്തിൽ പന്തികേട് മനസിലാക്കിയ നാസ് എയർലൈൻസ് ജീവനക്കാർ വിമാനത്തിൽ കയറാൻ അനുവദിച്ചില്ല. കുഴപ്പമുണ്ടാക്കിയതിനാൽ യാത്ര മുടങ്ങിയ ഇയാൾക്ക് ഒരു ദിവസം വിമാനത്താവളത്തിൽ തുടരേണ്ടിവന്നു. 

തുടർന്ന് എയർപ്പോർട്ട് മാനേജർ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിനെ ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചതിനെ തുടർന്ന് യുവാവിനെ ഏറ്റെടുത്തു മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കായി കൊണ്ടുപോയി. തുടർന്ന് ബത്ഹയിലെ ഹോട്ടലിൽ താമസിപ്പിക്കുകയായിരുന്നു. ഒരാഴ്ച കൊണ്ട് സാധാരണ അവസ്ഥയിലേക്ക് എത്തിയ യുവാവിനെ എംബസിയുടെ സഹായത്താൽ ഡൽഹിയിലേക്ക് കായംകുളം ഓച്ചിറ സ്വദേശി ഷിജു സുൽത്താെൻറ കൂടെ കൂട്ടി അയക്കുകയും ചെയ്തു. ചികിത്സ ചെലവ്, ടിക്കറ്റ്, ഹോട്ടൽ റൂം വാടക തുടങ്ങി എല്ലാ ചെലവുകളും ഇന്ത്യൻ എംബസി നൽകി.

ശിഹാബ് കൊട്ടുകാടിനൊപ്പം കബീർ പട്ടാമ്പി (ഡബ്ല്യു.എം.എഫ്), മുജീബ് കായംകുളം (പി.എം.എഫ്), റഊഫ് പട്ടാമ്പി, ശംസുദ്ധീൻ തടത്താനാട്ടുകര (പാലക്കാട് ജില്ലാ പ്രവാസി കൂട്ടായ്മ), മനോജ്‌, സിബിൻ ജോർജ്, നാസർ വണ്ടൂർ (എംബസി വളൻറിയർ) എന്നിവരും സഹായത്തിനുണ്ടായിരുന്നു. ഇന്ത്യൻ എംബസി ഡി.സി.എം അബു മാത്തൻ ജോർജ്, എംബസി കമ്മ്യൂണിറ്റി വെൽഫെയർ ഓഫീസർ മൊയ്‌ൻ അക്തർ, വെൽഫെയർ വിഭാഗം ജീവനക്കാരായ ഷറഫ്, ഹരി, എംബസി പ്രോട്ടോകോൾ സ്റ്റാഫ് സത്താർ, എയർപ്പോർട്ട് എയർ ഇന്ത്യ സൂപ്പർവൈസർ റഫീഖ്, എയർ ഇന്ത്യയിലെ ഹമീദ് മുഹമ്മദ്‌, ഖാജ എന്നിവരും വിവിധ ഘട്ടങ്ങളിൽ സഹായം നൽകി.

(ഫോട്ടോ: ഇന്ദ്രദേവ് നാട്ടിലേക്കുള്ള യാത്രക്കിടെ റിയാദ് എയർപ്പോർട്ടിൽ സാമൂഹികപ്രവർത്തകരോടൊപ്പം)

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: