ന്യൂഡൽഹി∙ മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുൻപേ പിണങ്ങി സഖ്യകക്ഷിയായ എൻസിപി അജിത് പവാർ വിഭാഗം. കാബിനറ്റ് പദവി ലഭിക്കില്ലെന്ന് ഉറപ്പായതോടെ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് എൻസിപിയുടെ നിലപാട്. സത്യപ്രതിജ്ഞ ചടങ്ങുകൾ അടക്കം ബഹിഷ്കരിച്ചേക്കുമെന്നും സൂചനയുണ്ട്. മന്ത്രിസഭയിലും ചേരേണ്ടെന്നാണ് പാർട്ടിയുടെ നിലവിലെ തീരുമാനം.
മുതിർന്ന നേതാവായ പ്രഫുൽ പട്ടേലിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് എൻസിപി പ്രതീക്ഷിച്ചിരുന്നത്. പ്രഫുൽ പട്ടേലിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിക്കുന്നതിനാൽ അദ്ദേഹത്തെ പരിഗണിക്കാൻ മോദി തയാറായില്ല. പാർട്ടിയുടെ ഏക എംപിയും മഹാരാഷ്ട്ര അധ്യക്ഷനുമായ സുനിൽ തത്കരയെയും കാബിനറ്റ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല. ഇതോടെയാണ് എൻസിപി പ്രതിഷേധമറിയിച്ച് മന്ത്രിസഭയിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്.
മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.15നാണ് തുടങ്ങുക. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പു നടക്കാൻ മാസങ്ങൾ അവശേഷിക്കെ എൻസിപിയെ പിണക്കുന്നത് ബുദ്ധിയല്ലെന്ന നിലപാടും ബിജെപിക്കുള്ളിലുണ്ട്.