കണ്ണൂർ: സംസ്ഥാനത്തെ ജയിലുകളിൽ തടവുകാർക്ക് കൂട്ടത്തോടെ പരോൾ. 561 തടവുകാർക്കാണ് കൂട്ടത്തോടെ പരോൾ അനുവദിച്ചത്. ടി പി ചന്ദ്രശേഖർ വധക്കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുഴുവൻ പ്രതികൾക്കും പരോൾ കിട്ടി. ലോക്സഭാ തിരഞ്ഞെടുപ്പു പ്രക്രിയ ആരംഭിച്ചത് മുതൽ പെരുമാറ്റച്ചട്ടം നിലനിന്നതിനാൽ തടവുകാർക്ക് പരോൾ അനുവദിച്ചിരുന്നില്ല. ജയിൽ ചട്ടമനുസരിച്ച് ഒരുവർഷം പരമാവധി 60 ദിവസംവരെയാണ് പരോൾ അനുവദിക്കുക.
തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്നജയിലിൽനിന്ന് 330 തടവുകാർക്കാണ് പരോൾ അനുവദിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് 30 പേർക്കും പൂജപ്പുര സെൻട്രൽ ജയിൽ 23, വിയ്യൂർ സെൻട്രൽ ജയിൽ-18, തൃശ്ശൂർ അതിസുരക്ഷാ ജയിൽ-10, ചീമേനി തുറന്ന ജയിൽ-150 എന്നിങ്ങനെയാണ് തടവുകാർ പരോളിൽ ഇറങ്ങിയത്. ടിപി വധക്കസിലെ പ്രതികളായ ടി കെ രജീഷ്, മുഹമ്മദ് ഷാഫി, കിർമാണി മനോജ്, എംസി അനൂപ്, അണ്ണൻ സജിത്ത്, കെ ഷിനോജ് എന്നിവർക്കാണ് പരോൾ ലഭിച്ചത്.
തവനൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കൊടി സുനി അപേക്ഷ നൽകിയിരുന്നെങ്കിലും ലഭിച്ചില്ല. വിയ്യൂർ അതിസുരക്ഷാജയിലിൽ ജീവനക്കാരെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കൊടി സുനിയെ തവനൂർ ജയിലിലേക്ക് മാറ്റിയത്. സുരക്ഷാജീവനക്കാരെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിനെത്തുടർന്നാണ് പരോൾ തടഞ്ഞതെന്ന് അധികൃതർ പറയുന്നു.