പത്തനംതിട്ട: സർക്കാരിനെതിരായ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് യാക്കോബായ സഭ നിരണം മുൻ ഭദ്രസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. എന്നും ഇടതുപക്ഷത്തോടൊപ്പമാണ് താനെന്നും പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
‘കിറ്റ് രാഷ്ട്രീയത്തിൽ’ ഒന്നിലധികം പ്രാവശ്യം ജനങ്ങൾ വീഴില്ലെന്ന കൂറിലോസിന്റെ പരാമർശമാണ് വിവാദം സൃഷ്ടിച്ചത്. എഫ്ബി പോസ്റ്റിലൂടെ സർക്കാരിനെതിരെ അദ്ദേഹം നടത്തിയ വിമർശനം സിപിഎം ഏറ്റുപിടിച്ചു.
പുരോഹിതന്മാരിലും വിവരദോഷികളുണ്ടാകാം എന്ന മുഖ്യമന്ത്രിയുടെ പ്രതികരണം വിവാദം കൂടുതൽ കൊഴുപ്പിക്കുകയാണുണ്ടായത്. ഈ പരാമർശത്തിലാണിപ്പോൾ കൂറിലോസിന്റെ പ്രതികരണം.
പറഞ്ഞതിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്നും താൻ എന്നും ഇടതുപക്ഷത്തായിരിക്കുമെന്നും പറഞ്ഞ മാർ കൂറിലോസ് വ്യക്തിപരമായ പരാമർശത്തോട് പ്രതികരിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് തോൽവിയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് മാർ കൂറിലോസ് ഉയർത്തിയത്. ധാർഷ്ട്യവും ധൂർത്തും തുടർന്നാൽ ഇതിലും വലിയ തിരിച്ചടികളാവും സർക്കാരിനെ കാത്തിരിക്കുക എന്നുൾപ്പടെ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു. രോഗം ആഴത്തിലുള്ളതാണന്നും തൊലിപ്പുറത്തുള്ള തിരുത്തൽ അല്ല വേണ്ടതെന്നുമായിരുന്നു മറ്റൊരു പരാമർശം.