Saturday, 27 July - 2024

അടുക്കളയിൽ പ്രാണികൾ, വൃത്തിയില്ല; റസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

അബുദാബി: ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിലെ റസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ. ‘ദേസി പാക് പഞ്ചാബ് റസ്റ്റോറന്റ്’ എന്ന സ്ഥാപനത്തിനെതിരെയാണ് നടപടിയെടുത്തതെന്ന് അബുദാബി അഗ്രികൾച്ചർ ആന്റ് ഫുഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) സാമൂഹിത മാധ്യമങ്ങളിലൂടെ അറിയിച്ചു. 

റസ്റ്റോറന്റിൽ ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലത്ത് പ്രാണികളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിന് പുറമെ നിർദിഷ്ട മാനദണ്ഡങ്ങൾ പ്രകാരമുള്ള വൃത്തി സ്ഥാപനത്തിൽ ഇല്ലെന്നും പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു.

മതിയായ വായുസഞ്ചാരമില്ലെന്നതും നടപടിക്ക് കാരണമായെന്ന് അബുദാബി അഗ്രികൾച്ചർ ആന്റ് ഫുഡ് ഫുഡ് സേഫ്റ്റി അതോറിറ്റി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ‘ദേസി പാക് പഞ്ചാബ് റസ്റ്റോറന്റിന്റെ’ ഭാഗത്തു നിന്ന് ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ ഉണ്ടായതായും അധികൃർ പറഞ്ഞു.

ഭക്ഷ്യ സുരക്ഷ സംബന്ധമായി കണ്ടെത്തിയ നിയമലംഘനങ്ങൾ പരിഹരിക്കുന്നതു വരെ റസ്റ്റോറന്റ് അടച്ചിടണം. ഇതിന് പുറമെ മറ്റ് മാനദണ്ഡങ്ങളും പാലിക്കണം. അതുവരെ അടച്ചുപൂട്ടൽ ഉത്തരവ് പ്രാബല്യത്തിലുണ്ടാവുമെന്ന് അബുദാബി അഗ്രികൾച്ചർ ആന്റ് ഫുഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷ സംബന്ധമായ നിയമലംഘനങ്ങൾ ശ്രദ്ധയിൽപെടുന്നവ‍ർ ഹോട്ട്‍ലൈൻ നമ്പറായ 800555ൽ വിളിച്ച് അറിയിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Most Popular

error: