Saturday, 27 July - 2024

ബി.ജെ.പി നൽകിയ മാനനഷ്ടക്കേസ്; രാഹുൽ ഗാന്ധിക്ക് ജാമ്യം

ബംഗളൂരു: ബി.ജെ.പി നേതാവ് നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധിക്ക് ജാമ്യം. 2023 മേയിൽ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ കോൺഗ്രസ് ഉന്നയിച്ച ’40 ശതമാനം കമീഷൻ’ ആരോപണത്തിൽ ബി.ജെ.പി എം.എൽ.സിയും കർണാടക ജനറൽ സെക്രട്ടറിയുമായ കേശവ് പ്രസാദ് നൽകിയ പരാതിയിലാണ് ബംഗളൂരു കോടതി ജാമ്യം അനുവദിച്ചത്.

കോടതിയിൽ ഹാജരാകാൻ രാഹുൽ ഇന്ന് രാവിലെ രാഹുൽ ഗാന്ധി ബംഗളൂരുവിൽ എത്തിയിരുന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാറും ചേർന്നാണ് അദ്ദേഹത്തെ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചത്. കോടതി വളപ്പിൽ പാർട്ടി പതാകകൾ കൊണ്ടുവരരുതെന്നും ബി.ജെ.പിക്കെതിരെ മുദ്രാവാക്യം വിളിക്കരുതെന്നും പാർട്ടി പ്രവർത്തകർക്ക് നേരത്തെ നിർദേശം നൽകിയിരുന്നു.

സംസ്ഥാനത്തെ മുൻ ബി.ജെ.പി സർക്കാർ എല്ലാ സർക്കാർ പദ്ധതി നടത്തിപ്പിനും 40 ശതമാനം കമീഷൻ ഈടാക്കിയെന്ന പരാമർശത്തിനെതിരെയാണ് കേശവ് പ്രസാദ് ഹരജി നൽകിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനുമെതിരെയും കേശവ് പ്രസാദ് മാനനഷ്ടക്കേസ് നൽകിയിരുന്നു. ഇരു നേതാക്കളും അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന് മുമ്പാകെ നേരിട്ട് ഹാജരായി കേസിൽ ജാമ്യം നേടി.

അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മൈ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾക്കെതിരെ കോൺഗ്രസ് നേതാക്കൾ തെറ്റായ പരസ്യം നൽകിയെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.

Most Popular

error: