Saturday, 27 July - 2024

ഇഎംഐ ആയി കൈക്കൂലി കൊടുക്കാം; അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന പുതിയൊരു തന്ത്രവുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍

ഗാന്ധിനഗര്‍: കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാര്‍ഹമായിരിക്കെ അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന പുതിയൊരു തന്ത്രവുമായി എത്തിയിരിക്കുകയാണ് ഗുജറാത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. കൈക്കൂലി കൊടുക്കാന്‍ പണമില്ലെങ്കില്‍ ബാങ്ക് മാതൃകയില്‍ തവണകളായി അടയ്ക്കാനുള്ള സൗകര്യമാണ് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്യുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത്തരത്തില്‍ ഇംഎംആയി കൈക്കൂലി സ്വീകരിക്കുന്നത് ഗുജറാത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. പ്രതിമാസ തവണകളായാണ് കൈക്കൂലിയുടെ അടവ് വരുന്നത്. ഈ വർഷമാദ്യം എസ്ജിഎസ്ടി വ്യാജ ബില്ലിംഗ് തട്ടിപ്പിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഹമ്മാദാബാദിലെ ഒരു മൊബൈല്‍ ഷോപ്പുടമയോട് 21 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു.

മുഴുവന്‍ തുക ഒരുമിച്ചടക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ പ്രതിമാസം 2 ലക്ഷം രൂപ വീതം തവണകളായി അടച്ചാല്‍ മതിയെന്നായിരുന്നു ‘മനസാക്ഷിയുള്ള’ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. സമാനമായ മറ്റൊരു കേസില്‍ സൈബർ ക്രൈം യൂണിറ്റിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ 10 ലക്ഷം രൂപ കൈക്കൂലിയാണ് ആവശ്യപ്പെട്ടത്. നാല് ഗഡുക്കളായി അടച്ചാല്‍ മതിയെന്ന വിട്ടുവീഴ്ചയും ചെയ്തു.

സൂറത്തിലെ ഒരു ഡെപ്യൂട്ടി സർപഞ്ചും താലൂക്ക് പഞ്ചായത്ത് അംഗവും ഉന്നത അധികാരികൾക്കിടയിൽ പ്രചോദനമുള്‍ക്കൊണ്ട് ഇംഎംആയി കൈക്കൂലി വാങ്ങാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഒരു കര്‍ഷകന്‍റെ കൃഷിയിടം നിരപ്പാക്കുന്നതിന് 85,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.

കര്‍ഷകന്‍റെ സാമ്പത്തിക ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ് പ്രതികള്‍ 35,000 രൂപ മുന്‍കൂറായി വാങ്ങുകയും ബാക്കിയുള്ള തുക മൂന്ന് തുല്യ ഗഡുക്കളായി അടയ്ക്കണമെന്നും നിര്‍ദേശിച്ചു. ഇഎംഎ കോഴ സമ്പ്രദായം ജനപ്രീതിയാര്‍ജിച്ചുകൊണ്ടിരിക്കുകയാണെന്നും കേസുകളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ഗുജറാത്ത് അഴിമതി വിരുദ്ധ ബ്യൂറോയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഈ വര്‍ഷം മാത്രം 10 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Most Popular

error: