Thursday, 12 December - 2024

സുരേഷ് ഗോപിയും, രാജീവ് ചന്ദ്രശേഖറും മന്ത്രിസഭാ പട്ടികയിൽ

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഇന്ന് നിർണായക ചർച്ചകൾ. എൻഡിഎ പാർലമെന്ററി പാർട്ടി യോഗം രാവിലെ ചേരും. യോഗത്തിൽ നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുക്കും. യോഗത്തിനുശേഷം നരേന്ദ്രമോദിയും എംപിമാരും രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിക്കും. എൻഡിഎയിലെ നിർണായക കക്ഷികളായ ജെഡിയു നേതാവ് നിതീഷ് കുമാർ, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു എന്നിവരും മോദിക്കൊപ്പം രാഷ്ട്രപതിയെ കാണുമെന്നാണ് സൂചന. 

ആർക്കൊക്കെ മന്ത്രിസ്ഥാനങ്ങൾ നൽകണമെന്നതിൽ വെള്ളിയാഴ്ച തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. കേരളത്തിൽനിന്നുള്ള ഏക എംപി സുരേഷ് ഗോപിയെയും തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തെത്തിയ രാജീവ് ചന്ദ്രശേഖറെയും മന്ത്രിസഭയിലേക്ക് പരിഗണിക്കുമെന്നാണ് സൂചന. സുരേഷ് ഗോപിക്ക് കാബിനറ്റ് പദവിയുള്ള മന്ത്രിസ്ഥാനം നൽകുമെന്ന് അഭ്യൂഹങ്ങളുയർന്നിട്ടുണ്ട്.

തെലുങ്കുദേശം പാർട്ടിക്ക് 3 കാബിനറ്റ് പദവിയുൾപ്പെടെ 5 മന്ത്രിസ്ഥാനങ്ങളും സ്പീക്കർ സ്ഥാനവും നൽകാമെന്നാണ് ബിജെപി അറിയിച്ചിട്ടുള്ളത്. ജെഡിയുവിന് 2 കാബിനറ്റ് പദവിയും സഹമന്ത്രിസ്ഥാനവും ബിഹാറിന് പ്രത്യേക പദവിയും നൽകിയേക്കും. 
എൻഡിഎ മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, സംസ്ഥാന പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ തുടങ്ങിയവരുടെ യോഗവും ഇന്ന് ചേരുന്നുണ്ട്. ഉത്തർപ്രദേശിൽ കനത്ത തോൽവി നേരിട്ട സാഹചര്യത്തിൽ യോഗി ആദിത്യനാഥിനെയും നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.

Most Popular

error: