കന്യാകുമാരി: ധ്യാനത്തിനായുള്ള പ്രധാനമന്ത്രിയുടെ വരവിൽ രാഷ്ട്രീയം കലർത്തരുതെന്നും അദ്ദേഹത്തെ സ്വീകരിക്കാനോ സന്ദർശിക്കാനോ ആരും കന്യാകുമാരിയിൽ എത്തരുതെന്നും തമിഴ്നാട്ടിലെ ബിജെപി നേതാക്കൾക്കു കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം.
ഇതോടെ, കന്യാകുമാരിയിൽ എത്താൻ തീരുമാനിക്കുകയും മുറിയെടുക്കുകയും ചെയ്തിരുന്ന സംസ്ഥാന ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈയും കേന്ദ്രമന്ത്രി എൽ.മുരുകനും അടക്കമുള്ള നേതാക്കൾ യാത്ര റദ്ദാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തിരുനെൽവേലിയിലും ഡിണ്ടിഗലിലും കോൺഗ്രസ് പ്രതിഷേധിച്ചു. ഡിസിസി പ്രസിഡന്റ് കെ.ശങ്കരപാണ്ഡ്യന്റെ നേതൃത്വത്തിൽ പ്രവർത്തകരുടെ സംഘം കരിങ്കൊടിയുമായി റോഡിലിറങ്ങി.
പ്രവർത്തകരിലൊരാൾ മഹാത്മാഗാന്ധിയെ പോലെ വേഷം ധരിച്ചാണെത്തിയത്. പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്തതിനെത്തുടർന്നു പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.




