കേരള കോൺഗ്രസ് എമ്മിന് ഇത്തവണ രാജ്യസഭാ സീറ്റ് നൽകിയേക്കില്ല

തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന് ഇത്തവണ ഇടതു മുന്നണി രാജ്യസഭാ സീറ്റ് നൽകിയേക്കില്ല. ജയസാധ്യതയുള്ള രണ്ട് സീറ്റുകളിൽ ഒന്നിൽ സി.പി.എമ്മും മറ്റൊന്നിൽ സി.പി.ഐയും മത്സരിച്ചേക്കും.

കേരള കോൺഗ്രസിനെ അനുനയിപ്പിക്കുനുള്ള ഫോർമുല സി.പി.എം തയാറാക്കുന്നുണ്ടന്നാണ് സൂചന. ആർ.ജെ.ഡിയും സീറ്റ് ആവശ്യമായി രംഗത്തുള്ളത് മുന്നണി നേതൃത്വത്തിന് തലവേദനയാണ്.

സി.പി.എമ്മിന്റെ എളമരം കരീമും സി.പി.ഐയുടെ ബിനോയ് വിശ്വവും കേരള കോൺഗ്രസ് എമ്മിൻ്റെ ജോസ് കെ. മാണിയുമാണ് ജൂലൈ ഒന്നിന് ഒഴിയുന്നത്. ഈ മൂന്ന് സീറ്റുകളിലേക്ക് ജൂൺ 25നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

നിലവിലെ നിയമസഭയിലെ അംഗബലം അനുസരിച്ച് രണ്ട് സീറ്റുകളിലാണ് ഇടതു മുന്നണിക്കു ജയിക്കാൻ കഴിയുക. ഇതിലൊന്ന് സി.പി.എം ഏറ്റെടുക്കും. അടുത്ത സീറ്റിലേക്ക് സി.പി.ഐയും കേരള കോൺഗ്രസ് എമ്മും ആർ.ജെ.ഡിയും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

സി.പി.ഐക്ക് സീറ്റ് നൽകി കേരള കോൺഗ്രസ് എമ്മിനെ മറ്റെന്തെങ്കിലും പദവി നൽകി അനുനയിപ്പിക്കാമെന്നാണ് സി.പി.എം നേതൃത്വം ആലോചിക്കുന്നത്. മുന്നണിയുടെ ഭാഗമായി വന്നപ്പോൾ ഉണ്ടായിരുന്ന രാജ്യസഭാ സീറ്റ് വിട്ടുനൽകാൻ കേരള കോൺഗ്രസ് തയാറാവുന്നില്ല.

എന്നാൽ സി.പി.എമ്മിന് സി.പി.ഐയെ പിണക്കാൻ കഴിയില്ല. അതുകൊണ്ട് കേരള കോൺഗ്രസിനെ അനുനയിപ്പിക്കാൻ വേണ്ടിയുള്ള ചില ഫേർമുലകൾ സി.പി.എം തയാറാക്കുന്നുണ്ടെന്നാണ് സൂചന. അതിൽ കേരള കോൺഗ്രസ് എം വഴങ്ങുമോ എന്ന കാര്യത്തിൽ നേതൃത്വത്തിന് വ്യക്തതയില്ല.