മലപ്പുറം: കുട്ടിയുടെ പിതൃത്വം പിതാവ് സംശയിച്ചതിനെ തുടര്‍ന്നു നടപടിയുമായി വനിതാ കമ്മീഷൻ. വനിതാ കമ്മിഷന്റെ സാമ്പത്തിക സഹായത്തോടെ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ കുട്ടിയുടെ പിതൃത്വം തെളിഞ്ഞു. കമ്മിഷന്റെ ഉത്തരവ് പ്രകാരം നടത്തിയ ഡിഎന്‍എ ടെസ്റ്റിന്റെ ഫലം ഇന്ന് മലപ്പുറത്ത് നടന്ന അദാലത്തില്‍ ഹാജരാക്കുകയും ചെയ്തു.
തൊഴിലിടങ്ങളിലേത് ഉൾപ്പെടെ സ്ത്രീകളെ ബാധിക്കുന്ന മറ്റ് നിരവധി പരാതികളും ഇന്നത്തെ അദാലത്തിൽ പരിഗണനയ്ക്ക് വന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനായുള്ള ആഭ്യന്തര പരാതി പരിഹാര സംവിധാനം (ഇന്റേണല്‍ കമ്മറ്റി) കൃത്യമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ സ്ഥാപനങ്ങളില്‍ നേരിട്ട് പരിശോധന നടത്തുമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു അവർ.




