തിരുവനന്തപുരം: കെഎസ്യു ക്യാമ്പില്‍ നടന്ന കൂട്ടത്തല്ലില്‍ അച്ചടക്ക നടപടിയുമായി ദേശീയ നേതൃത്വം. സംഭവത്തില്‍ നാല് പേരെ സംഘടനയില്‍നിന്ന് എന്എസ്യു സസ്പെന്‍ഡ് ചെയ്തു.
തിരുവനന്തപുരം ജില്ല വൈസ് പ്രസിഡണ്ട് അല്‍ അമീന് അഷ്റഫ്, ജില്ലാ ജനറല്‍ സെക്രട്ടറി ജെറിന് ആര്യനാട്, ദൃശ്യങ്ങള്‍ പുറത്ത് വിട്ട സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ചലോ ജോര്‍ജ് ടിജോ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
കെഎസ്യു ക്യാമ്പിലെ തമ്മില്‍ത്തല്ലില്‍ ഗുരുതര അച്ചടക്ക ലംഘനം നടന്നുവെന്ന് കെപിസിസി അന്വേഷണ കമ്മീഷന് കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ കെഎസ്യു നേതൃത്വത്തിന് വീഴ്ചയെന്നും കമ്മീഷന്റെ കണ്ടെത്തലുണ്ട്. തമ്മില്‍ത്തല്ല് ഉണ്ടായെന്നും കമ്മീഷന് സ്ഥിരീകരിച്ചു. കെപിസിസിയുമായി കൂടിയാലോചിക്കാതെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കെഎസ്യു ഭാവി പരിപാടികളില്‍ കെപിസിസിയുടെ നിയന്ത്രണവും നിരീക്ഷണവും ഉറപ്പാക്കണമെന്നും കമ്മീഷന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തില്‍ അച്ചടക്ക നടപടി.