ഇത് ചരിത്ര നിമിഷം; മക്കയിലേക്ക് അതിവേഗ ട്രെയിനിൽ യാത്ര ചെയ്ത് ഇന്ത്യൻ ഹാജിമാർ

0
1438

ജിദ്ദ: ജിദ്ദ വിമാനത്താവളത്തിൽ നിന്നും മക്കയിലേക്ക് അതിവേഗ ട്രെയിനിൽ യാത്ര ചെയ്ത് ഇന്ത്യൻ ഹാജിമാർ. ജിദ്ദ വിമാനത്താവളത്തിൽ നിന്നും നേരിട്ട് മക്കയിലേക്ക് ട്രെയിനിൽ ഹാജിമാരെ എത്തിക്കുന്ന ആദ്യ അനുഭവമാണിതെന്ന് ഡോ. സുഹെൽ അജാസ് ഖാൻ പറഞ്ഞു.

ഈ ചരിത്ര മുഹൂർത്തത്തിന് ഇന്ത്യൻ സ്ഥാനപതി ഡോ. സുഹെൽ അജാസ് ഖാനും കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമും സൗദി അറേബ്യൻ റെയിൽവേ വൈസ് പ്രസിഡന്റ് എൻജിനീയർ ഖാലിദ് അൽ ഹർബി, സൗദി ഹജ്, ഗതാഗത മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവർ ഹാജിമാരോടൊപ്പം ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മക്കയിലേക്കുള്ള ആദ്യ യാത്രയിൽ പങ്കുചേർന്നു.

മുംബൈയിൽ നിന്നും സൗദി എയർലൈൻസ് വഴി ഇന്ന് ജിദ്ദയിലെ കിങ്‌ അബ്ദുൽ അസീസ് വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിലെത്തിയ ആദ്യ സംഘമാണ് വിമാനത്താവളത്തിലെ റെയിൽവേ സ്റ്റേഷനിൽ നിന്നും അൽ ഹറമൈൻ അതിവേഗ ട്രെയിനിൽ നേരിട്ട് മക്കയിലേക്ക് യാത്ര തിരിച്ചത്.

സാധാരണ രീതിയിൽ ജിദ്ദ വിമാനത്താവളത്തിൽ എത്തുന്ന മുഴുവൻ ഹാജിമാരും ഹജ് സേവന കമ്പനികൾ ഏർപ്പെടുത്തുന്ന ബസുകളിലാണ് മക്കയിലേക്ക് പോകുന്നത്. ഈ വർഷം 10 ലക്ഷം തീർത്ഥാടകർക്ക് അൽ ഹറമൈൻ അതിവേഗ ട്രെയിനിൽ യാത്രാ സൗകര്യം ഒരുക്കുമെന്ന് നേരത്തെ സൗദി അധികൃതർ പ്രഖ്യാപിച്ചിരുന്നു.

മുംബൈ എംബാർക്കേഷൻ പോയിന്റിൽ നിന്നും ജിദ്ദയിലെത്തുന്ന ഏകദേശം 32,000 ഹാജിമാർക്ക് മാത്രമാണ് ഈ വർഷം ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.