പുണെ: പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കുട്ടികളോടുള്ള മനപ്പൂർവമായ അശ്രദ്ധ, പ്രായപൂർത്തിയാകാത്തയാൾക്ക് ലഹരിപദാർഥങ്ങൾ നൽകൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാവിലെയാണ് പുണെയിലെ കല്യാണി നഗറിൽ 17 കാരൻ ഓടിച്ച ആഡംബര കാറിടിച്ച് അനീസ് അവാധിയ, അശ്വിനി കോസ്ത എന്നിവർ കൊല്ലപ്പെട്ടത്. അശ്വിനി സംഭവ സ്ഥലത്തുവച്ചും അനീസ് ആശുപത്രിയിലുമാണ് മരിച്ചത്. ഇരുവരും ഐടി ജീവനക്കാരാണ്.
അപകടം നടക്കുമ്പോൾ 200 കിലോമീറ്റർ വേഗത്തിലാണു കാറോടിച്ചിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. പ്ലസ്ടു ഫലം വന്നത് ആഘോഷിക്കാൻ 17 കാരനും പിതാവും പബ്ബിൽ പോയി മദ്യപിച്ചശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. മഹാരാഷ്ട്രയിൽ മദ്യം വാങ്ങാനുള്ള നിയമാനുസൃതമായ പ്രായം 25 ആണ്.
പ്രായപൂർത്തിയാകാത്തയാൾക്ക് മദ്യം വിളമ്പിയതിന് ബാറുടമകൾക്കെതിരെയും കേസുണ്ടാകും. 2 പേർ കൊല്ലപ്പെട്ട കേസായിട്ടും ജുവനൈൽ നിയമപ്രകാരം പ്രതിക്ക് 15 മണിക്കൂറിനുള്ളിൽ ജാമ്യം അനുവദിച്ചതും ശിക്ഷയായി റോഡ് സുരക്ഷയെക്കുറിച്ച് 300 വാക്കുള്ള ഉപന്യാസമെഴുതിച്ചതും വിവാദമായിരുന്നു. വലിയ കുറ്റങ്ങൾക്കു നിസ്സാര ശിക്ഷകൾ നൽകുന്നത് കുറ്റങ്ങൾ ആവർത്തിക്കാൻ ഇടയാക്കുമെന്നായിരുന്നു വിമർശനം.