റിയാദ്: സൽമാൻ രാജാവിന് ശ്വാസകോശ അണുബാധ കണ്ടെത്തിയതിനെ തുടർന്ന്
കിരീടാവകാശി ജപ്പാൻ സന്ദർശനം മാറ്റിവച്ചു.
പനി, സന്ധി വേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ജിദ്ദയിലെ അൽ സലാം പാലസിലെ റോയൽ ക്ലിനിക്കിൽ നടത്തിയ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് അണുബാധ കണ്ടെത്തിയത്. രാജാവിന് നിലവിൽ ആന്‍റിബയോട്ടിക് ചികിത്സയാണ് നൽകുന്നതെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു.
സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ജപ്പാനിലേക്കുള്ള നാല് ദിവസത്തെ സന്ദർശനം മാറ്റിവച്ചതായി ജപ്പാനിലെ ഉന്നത സർക്കാർ വക്താവ് യോഷിമാസ ഹയാഷി അറിയിച്ചു.
ഇന്ന് ആരംഭിക്കാനിരുന്ന യാത്രയാണ് പ്രത്യേക സാഹചര്യം പരിഗണിച്ച് മാറ്റിവച്ചത്. 2019 ന് ശേഷം കിരീടാവകാശി ജപ്പാനിലേക്ക് നടത്താനിരുന്ന ആദ്യ ജപ്പാൻ സന്ദർശനത്തിൽ ജാപ്പനീസ് പ്രധാനമന്ത്രി,ജാപ്പനീസ് കമ്പനികൾ എന്നിവരുമായി കൂടിക്കാഴ്ച്ചയും ലിക്വിഡ് ഹൈഡ്രജന്‍റെ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള കരാറിൽ ഒപ്പുവെക്കുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ക്രമീകരിച്ചിരുന്നു.