തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് ഉറ്റവരെ അവസാനമായി ഒരുനോക്കുകാണാനാവാതെ ഒമാനിൽ മരിച്ച കരമന നെടുങ്കാട് സ്വദേശി നമ്പി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു.
മൃതദേഹവുമായി ബന്ധുക്കൾ തിരുവനന്തപുരത്തെ എയർ ഇന്ത്യയുടെ ഓഫിസിനു മുന്നിൽ രണ്ടു മണിക്കൂറോളം പ്രതിഷേധിച്ചു. സംസ്‌കാരത്തിനുശേഷം ചർച്ച നടത്താമെന്ന ഉറപ്പ് നൽകിയതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം കരമനയിലെ വീട്ടിലേക്ക് കൊണ്ടുപോയി.
ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഭർത്താവിനെ ഒരു നോക്ക് കാണാനായി ഒമാനിലേക്ക് യാത്ര പുറപ്പെട്ടപ്പോഴാണ് അപ്രതീക്ഷിതമായി വിമാനങ്ങൾ റദ്ദാക്കിയ വിവരം രാജേഷിന്റെ ഭാര്യയായ അമൃത അറിയുന്നത്. മുന്നറിയിപ്പില്ലാതെ സർവീസുകൾ റദ്ദാക്കിയതോടെ ഒമാനിൽ എത്തിപ്പെടാൻ അമൃതയ്‌ക്ക് മുന്നിൽ മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ല. തുടർന്ന് അമൃതയെ അവസാനമായി ഒരു നോക്ക് കാണാൻ സാധിക്കാതെയാണ് രാജേഷ് മരണത്തിന് കീഴടങ്ങിയത്.
മസ്‌ക്കത്തിൽ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു നമ്പി രാജേഷ്. ഇതിനിടെ കഴിഞ്ഞ ഏഴാം തീയതി ഹൃദയാഘാതത്തെ തുടർന്ന് രാജേഷിനെ ഒമാനിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവസാനമായി ഭാര്യയെ കാണണമെന്നായിരുന്നു രാജേഷ് പറഞ്ഞിരുന്നത്. ഇതോടെയാണ് തൊട്ടടുത്ത ദിവസം ഒമാനിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസിൽ അമൃതയും കുടുംബവും ടിക്കറ്റെടുത്തത്.
തന്റെ ദയനീയാവസ്ഥ അമൃത, അധികൃതരെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് 9-ാം തീയതി ഒമാനിലേക്ക് പോകുന്ന ഫ്‌ളൈറ്റിന് ടിക്കറ്റ് തരാമെന്നായിരുന്നു അധികൃതർ അറിയിച്ചത്. എന്നാൽ സർവീസുകൾ മുടങ്ങിയതോടെ അന്നും യാത്ര തിരിക്കാനായില്ല. തുടർന്ന് ഇവർ യാത്ര മാറ്റിവച്ചു. ഇതിനുപിന്നാലെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് നമ്പി രാജേഷ് മരിച്ചത്. എയർ ഇന്ത്യ എക്സ്പ്രസിനെതിരെ നിയമനടപടിക്കുള്ള തയാറെടുപ്പിലാണ് കുടുംബം.




