കാൽപന്ത് ആരവം ഒഴിയാതെ രാജ്യം; അറബ് കപ്പും ഖത്തറിൽ

0
1023

ദോഹ: ഫുട്‍ബോളിന്റെ ആവേശവും ആരവവും ഒഴിയാത്ത നാടായി ഖത്തർ. ലോ​ക​ക​പ്പ് ഫു​ട്ബാ​ളും ഏ​ഷ്യ​ൻ ക​പ്പും കഴിഞ്ഞു അ​ണ്ട​ർ 17 ​ലോ​ക​ക​പ്പും പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ, അ​റ​ബ് മേ​ഖ​ല​യു​ടെ ക​ളി​യു​ത്സ​വ​മാ​യ ഫി​ഫ അ​റ​ബ് ക​പ്പും ഖ​ത്ത​റി​ൽ തന്നെ നടത്താൻ തീരുമാനമായി.

തായ്ലാൻഡിലെ ബാ​ങ്കോ​ക്കി​ൽ ചേ​ർ​ന്ന ഫി​ഫ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് അ​ടു​ത്ത മൂ​ന്നു സീ​സ​ണു​ക​ളി​ലെ ചാ​മ്പ്യ​ൻ​ഷി​പ്പ് വേ​ദി​യാ​യി ഖത്തറിനെ ​തെ​ര​ഞ്ഞെ​ടു​ത്ത​ത്. 2025, 2029, 2033 എന്നീ വർഷങ്ങളിലാണ് യഥാക്രമം അടുത്ത മൂന്ന് സീസണുകൾ നടക്കുന്നത്.

2022 ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന്റെ ത​യാ​റെ​ടു​പ്പെ​ന്ന നി​ല​യി​ൽ 2021ൽ ​ഖ​ത്ത​ർ വേ​ദി​യാ​യ ഫി​ഫ അ​റ​ബ് ക​പ്പ് വ​ൻ വി​ജ​യ​മാ​യി ന​ട​ത്തി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ടൂ​ർ​ണ​മെ​ന്റ് തു​ട​ര​ണ​മെ​ന്ന ഖ​ത്ത​ർ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ അ​പേ​ക്ഷ അം​ഗീ​ക​രി​ക്കു​ക​യും, വ​രു​ന്ന മൂ​ന്ന് സീ​സ​ണി​ലെ​യും വേ​ദി​യാ​യി ഖ​ത്ത​റി​നെ തി​ര​ഞ്ഞെ​ടു​ക്കു​ക​യു​മാ​ണെ​ന്ന് ഫി​ഫ കൗ​ൺ​സി​ൽ അ​റി​യി​ച്ചു.

തിരഞ്ഞെടുക്കപ്പെട്ട വർഷങ്ങളിൽ ഡി​സം​ബ​റി​ലാ​യി​രി​ക്കും ടൂ​ർ​ണ​മെ​ന്റ് ന​ട​ക്കു​ന്ന​ത്. 2021ൽ ​ന​വം​ബ​ർ ,ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി​രു​ന്നു അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ മേ​ള​യാ​യ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ന​ട​ന്ന​ത്.​

1963ൽ ​ആ​രം​ഭി​ച്ച അ​റ​ബ് ക​പ്പ് വി​വി​ധ കാ​ല​ങ്ങ​ളി​ലാ​യി മു​ട​ങ്ങി​യും പു​ന​രാ​രം​ഭി​ച്ചും മു​ന്നോ​ട്ട് പോ​കു​ന്ന​തി​നി​ടെ​യാ​ണ് 2021ൽ ​ഖത്ത​ർ ആ​തി​ഥേ​യ​ത്വം ഏ​റ്റെ​ടു​ക്കു​ന്ന​ത്. 2002ൽ ​കു​വൈ​ത്തി​ലും 2012ൽ ​സൗ​ദി​യി​ലും ന​ട​ന്ന ശേ​ഷം അറബ് കപ്പ് അ​നി​ശ്ചി​ത​മാ​യി മു​ട​ങ്ങിയിരുന്നു.

തു​ട​ർ​ന്ന് ഫി​ഫ​യു​മാ​യി സ​ഹ​ക​രി​ച്ച് ഖത്ത​ർ ഏ​റ്റെ​ടു​ത്ത​തോ​ടെ അ​റ​ബ് മേ​ഖ​ല​യു​ടെ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നി​ന്നും മേ​ഖ​ല​യു​ടെ ക​ളി​യു​ത്സ​വ​മാ​യി മാ​റി. ലോ​ക​ക​പ്പി​നാ​യി ത​യാ​റാ​ക്കി​യ വേ​ദി​ക​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ട് വ​ൻ​ക​ര​ക​ളി​ൽ നി​ന്നു​ള്ള 16 ടീ​മു​ക​ളാ​ണ് മാ​റ്റു​ര​ച്ച​ത്. ഫൈ​ന​ലി​ൽ തു​നീ​ഷ്യ​യെ തോ​ൽ​പി​ച്ച് അ​ൽ​ജീ​രി​യ കി​രീ​ടം ചൂ​ടി. ​ആ​തി​ഥേ​യ​രാ​യ ഖ​ത്ത​ർ മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു.

ര​ണ്ട് ഫി​ഫ ​ടൂ​ർ​ണ​മെ​ന്റു​ക​ള്‍ക്കാണ് വ​രും​ വ​ർ​ഷം മു​ത​ൽ ഖ​ത്ത​ർ വേ​ദി​യാ​കു​ന്ന​ത്. അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന് 2025 മു​ത​ൽ 2029 വ​രെ തു​ട​ർ​ച്ച​യാ​യി അ​ഞ്ചു വ​ർ​ഷ​ങ്ങ​ളി​ൽ ഖ​ത്ത​റി​​നെ വേ​ദി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ഇ​താ​ദ്യ​മാ​യാ​ണ് അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന് സ്ഥി​രം വേ​ദി നി​ശ്ച​യി​ക്കു​ന്ന​ത്. 48 ടീ​മു​ക​ൾ മാ​റ്റു​ര​ക്കും. നാ​ലു​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ എ​ന്ന നി​ല​യി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച ഫി​ഫ അ​റ​ബ് ക​പ്പ് കൂ​ടി​യാ​യ​തോ​ടെ ഖ​ത്ത​റി​ലെ ലോ​ക​ക​പ്പ് വേ​ദി​ക​ൾ വീണ്ടും സ​ജീ​വ​മാ​വു​ക​യാണ്.