ഹജ്ജ്​; 40 ദശലക്ഷം കുപ്പി സംസം വിതരണം ചെയ്യും

റിയാദ്: ഇത്തവണ ഹജ്ജ്​ സീസണിൽ 40 ദശലക്ഷത്തിലധികം കുപ്പി സംസം തീർഥാടകർക്ക് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന്​ സംസം കമ്പനി അധികൃതർ വ്യക്തമാക്കി. ഓരോ തീർഥാടകനും 22 ബോട്ടിലുകളാണ്​ കണക്കാക്കിയിരിക്കുന്നത്​.

ഏറ്റവും പുതിയ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ മാനദണ്ഡങ്ങൾ അനുകരിച്ച്​  വെള്ളം ഓർഡർ ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പ്രക്രിയ സുഗമമാക്കും.

വാട്ടർ ബോട്ടിലുകളിൽ ബാർകോഡ് സേവനം ഏർപ്പെടുത്തി തീർഥാടകരുമായി നേരിട്ട് ഡിജിറ്റൽ ചാനലുകൾ വികസിപ്പിക്കുമെന്നും സംസം കമ്പനി അധികൃതർ പറഞ്ഞു. ഹജ്ജ് സീസണിൽ തീർഥാടകർക്ക്​ കമ്പനി നൽകുന്ന എല്ലാ സേവനങ്ങളുടെയും ഭരണപരവും പ്രവർത്തനപരവുമായ കാര്യക്ഷമതയുടെ നിലവാരം ഉയർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പരിശീലന കോഴ്സുകളുടെയും വർക്ക്ഷോപ്പുകളുടെയും ഒരു പരമ്പര ആരംഭിച്ചിട്ടുണ്ടെന്നും കമ്പനി അധികൃതർ പറഞ്ഞു.