Saturday, 27 July - 2024

ഗൾഫിൽ വിവിധഭാഗങ്ങളില്‍ ശക്തമായ മഴ, നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി

യാത്രക്കാര്‍ക്ക് വിമാനത്താവള അധികൃതര്‍ മുന്നറിയിപ്പ് നല്‍കി

ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ. അബുദാബിയില്‍ അര്‍ധരാത്രിയോടെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ദുബൈ , റാസല്‍ഖൈമ, ഉമ്മുല്‍ഖുവെയ്ന്‍ എന്നിവിടങ്ങളിലും കനത്ത മഴപെയ്തു. ഷാര്‍ജ, അജ്മാന്‍, ഫുജൈറ എമിറേറ്റുകളിലും മഴയുണ്ട്. അബുദാബിയില്‍ അല്‍ ദഫ്‌റ, മദീനത്ത് സായിദ്, സിലാ മേഖലകളില്‍ വാദികള്‍ നിറഞ്ഞു. റോഡുകളിലും വെള്ളം കയറി. റാസല്‍ഖൈമയില്‍ കനത്ത മഴയില്‍ നിരവധിയിടത്ത് റോഡുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വാഹന ഗതാഗതം തടസ്സപ്പെട്ടു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ദുബൈയിൽ ജബല്‍ അലി, അല്‍ ബര്‍ഷ, റാഷിദിയ, അന്താരാഷ്ട്ര വിമാനത്താവളം, അല്‍ നഹ്ദ എന്നിവിടങ്ങളില്‍ രാവിലെ ഭേദപ്പെട്ട മഴ പെയ്തു. വ്യാഴാഴ്ച രാത്രിവരെ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ രാജ്യം അതീവ ജാഗ്രതയിലാണ്. രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും ഇന്നും നാളെയും ഓണ്‍ലൈന്‍ വഴിയാണ് പഠനം. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ടു ദിവസത്തേക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാരെ സാഹചര്യം വിലയിരുത്തി വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചു.

വിമാനയാത്രക്കാര്‍ക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നേരത്തെ വിമാനത്താവളത്തിലെത്താന്‍ ശ്രമിക്കണമെന്നും റോഡുകളിലെ വെള്ളക്കെട്ടില്‍ കുടുങ്ങി വിമാനത്താവളങ്ങളിലേക്കുള്ള യാത്ര വൈകാനുള്ള സാഹചര്യം മുന്‍കൂട്ടി കാണണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിമാനങ്ങളുടെ സമയക്രമം ഓണ്‍ലൈന്‍ ആയി പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്.

ദുബൈ മെട്രോ ഇന്നും നാളെയും കൂടുതല്‍ സമയം സര്‍വീസ് നടത്തും. പുലര്‍ച്ചെ രണ്ടു മണിവരെയാണ് സര്‍വീസ് നടത്തുകയെന്ന് റോഡ്- ട്രാന്‍സ്‌പോര്‍ട് അതോറിറ്റി അറിയിച്ചു. രാജ്യത്തെ എല്ലാ പാര്‍ക്കുകളും ബീച്ചുകളും മലയോര മേഖലകളിലേക്കുള്ള റോഡുകളും താത്കാലികമായി അടച്ചിരിക്കുകയാണ്. മഴയും വെള്ളപ്പൊക്ക സാധ്യതയും പരിഗണിച്ച് വലിയ മാര്‍ക്കറ്റുകള്‍ അടച്ചിടാനും നിര്‍ദ്ദേശമുണ്ട്. വാദികളില്‍ പോകുന്നതിനും കര്‍ശന നിരോധനമുണ്ട്. വ്യാഴാഴ്ച രാത്രിവരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

ശക്തമായ മഴയെ തുടര്‍ന്ന് ദുബായില്‍ നിന്നുമുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഇസ്താംബൂള്‍, നെയ്‌റോബി, കെയ്‌റോ, ജോഹന്നാസ്‌ബെര്‍ഡ്, ജോര്‍ദാന്‍ വിമാനങ്ങള്‍ റദ്ദാക്കി. എമിറേറ്റ്‌സ് എയര്‍ലൈന്‍ വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനത്താവളത്തിലേക്കുള്ള മറ്റ് സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. യാത്രക്കാര്‍ ഓണ്‍ലൈന്‍ വഴി വിമാനങ്ങളുടെ സമയമാറ്റം പരിശോധിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

“മോശം കലാവസ്ഥ സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുള്ളതുകൊണ്ട് തന്നെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (DXB) വഴിയും ദുബൈ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം (DWC) വഴിയും യാത്ര ചെയ്യുന്ന അതിഥികൾ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ മുൻകൂട്ടി നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഗതാഗക്കുരുക്ക് പോലുള്ള കാര്യങ്ങൾ മനസിലാക്കാൻ തത്സമയ ട്രാഫിക് വിവരങ്ങൾ നൽകുന്ന സ്മാർട്ട് ആപ്പുകൾ ഉപയോഗിക്കാം. ഒന്നും മൂന്നും ടെർമിനലുകളിലേക്ക് വരുന്നവർക്ക് ദുബൈ മെട്രോ ഉപയോഗിക്കുകയും ചെയ്യാം” – ദുബൈ എയ‍ർപോർട്ട്സ് വക്താവ് അറിയിച്ചു. യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി പരിശോധിക്കണം. കാലാവസ്ഥ കാരണമായുണ്ടാവുന്ന അസാധാരണ സാഹചര്യങ്ങളോ നീണ്ട ക്യൂവോ യാത്രയെ ബാധിക്കാതിരിക്കാൻ സാധാരണയേക്കാൾ അൽപം കൂടി നേരത്തെ എത്തണമെന്നും അറിയിപ്പിൽ പറയുന്നു.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യേണ്ട, കാറിലോ പൊതുഗതാഗതത്തിലോ യാത്ര പുറപ്പെടുന്ന ഉപഭോക്താക്കള്‍ മോശം കാലാവസ്ഥ പരിഗണിച്ച് കുറച്ച് അധികം സമയം കണക്കാക്കി ഇറങ്ങണമെന്ന് ഫ്ലൈദുബൈയും അറിയിച്ചു. ഫ്ലൈ ദുബൈ വെബ്സൈറ്റ് സന്ദര്‍ശിച്ച് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പാക്കണം. 

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: