Saturday, 27 July - 2024

മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്ത് പോലീസ്; പരാതി നൽകി കെഎസ്ആർടിസി എംഡി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറുമായുണ്ടായ വാക്കുതർ‌ക്കത്തിൽ നി‍ർണായകമായ സിസിടിവി മെമ്മറി കാർഡ് കാണാതായതിൽ പൊലീസ് കേസെടുത്തു. കെഎസ്ആ‌ർടിസി നൽകിയ പരാതിയിലാണ് കേസെടുത്തത്. ഗതാഗത മന്ത്രി ഗണേഷ് കുമാർ കെഎസ്ആർടിസി എംഡിക്ക് നൽകിയ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസിന് പരാതി നൽകിയത്. തമ്പാനൂർ പൊലീസാണ് മെമ്മറി കാർഡ് കാണാതായതിൽ കേസ് എടുത്തിരിക്കുന്നത്.

ക്യാമറ ഉള്ള നാല് ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് തമ്പാനൂർ ഡിപ്പോയിലുള്ളത്. ഇതിൽ ബാക്കി മൂന്ന് ബസുകളിലും മെമ്മറി കാർഡുണ്ട്. വിവാദത്തിൽപ്പെട്ട ബസിലെ മെമ്മറി കാർഡ് മാത്രമാണ് കാണാതായത്. പ്രശ്നം നടന്ന ശേഷം ആരോ മെമ്മറി കാർഡ് എടുത്തുമാറ്റിയതാണെന്നാണ് വ്യക്തമാകുന്നത്. മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലെ തർക്കത്തിൽ ഈ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ നിർണായകമാണ്. 

കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങൾ ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്ആർടിസിക്ക് കത്ത് നല്‍കിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് തിരിച്ചെത്തിയ ശേഷമാണ് പരിശോധന നടന്നത്. എന്നാൽ പരിശോധനയ്ക്ക് എത്തിച്ച ബസിൽ മെമ്മറി കാർഡ് കാണാതായത് ദുരൂഹത വർധിപ്പിച്ചു. 

മേയർ ആര്യ രാജേന്ദ്രൻ നൽകിയ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. സൈബർ ആക്രമണം, ഔദ്യോഗിക ഫോൺ നമ്പറിലെ വാട്സാപ്പിൽ അയച്ച അശ്ലീല സന്ദേശം എന്നിവയ്ക്കെതിരെയാണ് പൊലീസ് കേസ്. ഡ്രൈവർ യദു നൽകിയ പരാതിയിലും കേസെടുക്കാൻ പൊലീസ് തീരുമാനമെടുത്തിട്ടുണ്ട്.

Most Popular

error: