Saturday, 27 July - 2024

അല്‍ഖസീം പ്രവിശ്യയില്‍ റോഡുകള്‍ തോടുകളായി

ബുറൈദ: അല്‍ഖസീം പ്രവിശ്യയില്‍ പെട്ട ഉനൈസയില്‍ കനത്ത മഴയില്‍ റോഡുകള്‍ തോടുകളായി മാറി. ഉനൈസയിലെ അല്‍ബദീഅ ഡിസ്ട്രിക്ടില്‍ നിരവധി കാറുകള്‍ ഒഴുകിപ്പോയി. നിരവധി കാറുകളും മറ്റു വാഹനങ്ങളും വെള്ളത്തില്‍ മുങ്ങി.

ഉനൈസയില്‍ വെള്ളം കയറിയ റോഡുകളും വെള്ളത്തില്‍ മുങ്ങിയ കാറുകളും.
സൗദി പൗരന്മാര്‍ റോഡുകളിലൂടെ സ്പീഡ് ബോട്ടുകളില്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. അടിയന്തിര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സിവില്‍ ഡിഫന്‍സ് സംഘങ്ങളും ബോട്ടുകളുമായി പ്രദേശത്ത് സുസജ്ജരായി നിലയുറപ്പിച്ചു.

തായിഫിലെ അല്‍അതീഫില്‍ വലിയ വലിപ്പത്തിലുള്ള ആലിപ്പഴങ്ങള്‍ പതിച്ച് തകര്‍ന്ന തമ്പുകള്‍. തായിഫിലെ അല്‍അതീഫില്‍ വലിയ വലിപ്പത്തിലുള്ള ആലിപ്പഴങ്ങള്‍ പതിച്ച് നിരവധി തമ്പുകള്‍ തകര്‍ന്നു. മദീനയിലെ മഹ്ദുദ്ദഹബിലും നിരവധി റോഡുകള്‍ വെള്ളത്തിലായി.

റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും അല്‍ഖസീമിലും ഹോത്ത ബനീതമീമിലും അല്‍ഹരീഖിലും അഫ്‌ലാജിലും ശഖ്‌റാ, ദവാദ്മി, ഹുറൈമില, താദഖ്, സുല്‍ഫി, അല്‍ഗാത്ത്, അല്‍ഖുര്‍മ, അഫീഫ്, അല്‍ഖുവൈഇയ, മജ്മ എന്നിവിടങ്ങളിലും ഇന്ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു.

പകരം മദ്‌റസതീ പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈന്‍ രീതിയില്‍ ക്ലാസുകള്‍ നടന്നു. മജ്മ യൂനിവേഴ്‌സിറ്റി, നജ്‌റാന്‍ സര്‍വകലാശാല, തായിഫ് യൂനിവേഴ്‌സിറ്റിക്കു കീഴിലെ തുര്‍ബ, റനിയ, അല്‍ഖുര്‍മ ശാഖകള്‍, ശഖ്‌റാ യൂനിവേഴ്‌സിറ്റി എന്നിവയും ഇന്ന് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കി.

Most Popular

error: