രാജകാരുണ്യം; ജുബൈലിലെ ജയിലിൽ കഴിയുന്ന മുപ്പതോളം ഇന്ത്യൻ തടവുകാർക്കും നാടണയാൻ സൗഭാഗ്യം

0
1864

ദമാം: റമദാനിലെ രാജകാരുണ്യത്തിൽ ജുബൈലിലെ ജയിലിൽ കഴിയുന്ന മുപ്പതോളം ഇന്ത്യൻ തടവുകാർക്കും നാടണയാൻ സൗഭാഗ്യം. മദ്യവും മയക്കുമരുന്നും മറ്റ് നിരോധിത ഉൽപ്പന്നങ്ങളുടെ ഉപയോഗവും അതിൻ്റെ വിപണനവും രേഖകളിൽ കൃത്രിമം കാണിക്കൽ കളവ്കേസ് സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകൾ കൊലപാതക മടക്കമുള്ള വ്യത്യസ്ത കേസുകളിൽ കഴിയുന്ന നൂറ്റി ഏഴോളം വരുന്ന ഇന്ത്യൻ തടവുകാരിൽ ഏതാണ്ട് മുപ്പതോളം തടവുകാർക്കാണ് നാടണയാൻ അവസരം ലഭിക്കുന്നത്.

വിചാരണക്ക് ശേഷം കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി വിധിപ്രകാരം രണ്ട് മുതൽ അഞ്ചും പത്തും വർഷം ശിക്ഷ വിധി ലഭിച്ചവരാണ് നിശ്ചിത കാലാവധി തീരും മുമ്പേ തന്നെ രാജ കാരുണ്യം ലഭിക്കാനവസരം ലഭിച്ചത് . ആഴ്ചകൾ തോറും ജയിൽ സന്ദർശനം നടത്തുന്ന ജുബൈലിലെ ഇന്ത്യൻ എംബസിയുടെ സാമൂഹ്യ പ്രവർത്തകനും പ്രവാസി വെൽഫെയർ പാർട്ടിയുടെ ജനസേവന വിഭാഗം കോർഡിനേറ്ററും കൂടിയായ സൈഫുദ്ദീൻ പൊറ്റശ്ശേരിയാണ് മലയാളം പ്രസിനോട് ഇക്കാര്യം അറിയിച്ചത്.

പാസ്പോർട്ടില്ലാത്ത പത്തോളം പേരുടെ അപേക്ഷാ രേഖകൾ ശരിയാക്കി ഔട്ട് പാസ് ലഭിക്കാനായി അദ്ദേഹം ഇന്ത്യൻ എംബസിയുടെ ജയിൽ ആൻ്റ് തർഹീൽ വിഭാഗത്തിന് അയച്ചു കൊടുത്തിട്ടുണ്ട്.

എംബസി ഉദ്യോഗസ്ഥരുടെ പലപ്പോഴുമുള്ള ജയിൽ സന്ദർശനത്തിൻ്റെ ഭാഗമായി കഴിഞ്ഞ ഫെബ്രവരി അവസാനത്തിൽ ജയിൽ ഓഫീസർ അറ്റാഷെ രാജീവ് സിക്രിയും എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരിയും സൈഫുദ്ദീൻ പൊറ്റശ്ശേരിയും ജുബൈൽ ജയിൽ സന്ദർശിച്ചിരുന്നു. വിവിധ കേസുകളിൽ അകപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളികളടക്കമുള്ള ഇന്ത്യൻ തടവുകാരുടെ ക്ഷേമവും പരിരക്ഷയും ഉറപ്പ് വരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ജയിൽ സന്ദർശനം.

ജയിൽ മേധാവി അഹമദ് ഹസൻ ഹസാസിയുമായി ഓഫീസിൽ വെച്ച് എംബസി സംഘം ചർച്ച നടത്തി.
ഇടക്കിടെയുള്ള ഇന്ത്യൻ എംബസിയുടെ ജുബൈൽ സന്ദർശനം കാരണം ഇക്കാമ കാലാവധി കഴിഞ്ഞവർക്കും ഹുറൂബിലായവർക്കും ഫൈനൽ എക്സിറ്റിൽ നാടണയാൻ അവസരം ലഭിക്കുന്നുണ്ട്. ഇതിൻ്റെ നടപടികൾ വിലയിരുത്താനായി ഇന്ത്യൻ എംബസി ലേബർ വെൽഫെയർ വിഭാഗം ഉദ്യോഗസ്ഥൻ ആശിഖ് തളയൻ കണ്ടിയും എംബസി സാമൂഹ്യ പ്രവർത്തകൻ സൈഫുദ്ദീൻ പൊറ്റശ്ശേരിയും വ്യാഴാഴ്ച ജുബൈലിലെ അൽ ജുഐമ ലേബർ ഓഫീസും സന്ദർശിച്ചിരുന്നു.
http://www.eoiriyadh.gov.in എന്ന എംബസിയുടെ ലിങ്കിൽ റജിസ്റ്റർ ചെയ്യുന്നവർക്ക് ഏതാനും മാസങ്ങൾക്കകം ഫൈനൽ എക്സിറ്റ് ലഭിക്കുന്നതാണ്. ഇപ്രകാരം റജിസ്റ്റർ ചെയ്യുന്നവർ നിയമപരമായ തടസ്സങ്ങളോ യാത്രാബേനോ ഇല്ലാത്തവരായിരിക്കണം. ഒരിക്കൽ ഫൈനൽ ഏക്സിറ്റ് ലഭിച്ച് നാട്ടിൽ പോവാതെ കാലാവധി കഴിഞ്ഞവരും അതിൻ്റെ പിഴയടച്ച് ക്ലിയറാക്കിയ ശേഷമേ അടുത്ത ഫൈനൽ ഏക്സിറ്റ് ലഭിക്കയുള്ളു. ഇങ്ങനെ റജിസ്റ്റർ ചെയ്തവർ മറ്റ് ഓഫീസുകളിലൊന്നും കയറിയിറങ്ങാതെ തന്നെ ഫൈനൽ എക്സിറ്റ് ലഭിച്ചതായി റജിസ്റ്റർ ചെയ്ത മോബൈലിലേക്ക് മെസേജ് വരുന്നതാണ്.