ജിദ്ദ: റമദാനിലും പെരുന്നാള്‍ അവധിക്കാലത്തും സഊദിയിലെ വിമാനത്താവളങ്ങളിലൂടെ ഒന്നേകാല്‍ കോടിയിലേറെ യാത്രക്കാര്‍ സഞ്ചരിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
റമസാന്‍ ഒന്നു മുതല്‍ ശവ്വാല്‍ ഒമ്പതു വരെയുള്ള കാലത്ത് 100 വിമാന കമ്പനികള്‍ 86,000 ലേറെ സര്‍വീസുകള്‍ നടത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കൊല്ലം വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന രേഖപ്പെടുത്തി.
റമസാനിലും പെരുന്നാള്‍ അവധിക്കാലത്തും ഏറ്റവുമധികം യാത്രക്കാര്‍ ഉപയോഗിച്ചത് ജിദ്ദ വിമാനത്താവളമാണ്.
ജിദ്ദ വിമാനത്താവളത്തിൽ 53.8 ലക്ഷം യാത്രക്കാരെ സ്വീകരിച്ചു. രണ്ടാം സ്ഥാനത്തുള്ള റിയാദ് വിമാനത്താവളം 32.3 ലക്ഷം യാത്രക്കാരെയും മൂന്നാം സ്ഥാനത്തുള്ള മദീന വിമാനത്താവളത്തിൽ 10.4 ലക്ഷം യാത്രക്കാരെയും മറ്റു വിമാനത്താവളങ്ങളില്‍ 28.5 ലക്ഷം യാത്രക്കാരെയും സ്വീകരിച്ചതായും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.