ആളുമാറി വോട്ട് ചെയ്ത സംഭവം; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

0
1274

കോഴിക്കോട്: ഹോം വോട്ടിംഗിനിടെ പെരുവയലില്‍ ആളുമാറി വോട്ടുചെയ്ത സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഉത്തരവിട്ടു.

ജനപ്രാതിനിധ്യ നിയമം (ആര്‍പി ആക്ട്) 134 വകുപ്പ് പ്രകാരമാണ് നടപടി. പ്രസ്തുത വിഷയത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനും സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

ഹോം വോട്ടിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍, മൈക്രോ ഒബ്‌സര്‍വര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പെരുവയലിലെ 84-ാം ബൂത്തിലെ വോട്ടറായ 91കാരി ജാനകിയമ്മ പായുംപുറത്തിന്റെ വോട്ട് മറ്റൊരു വോട്ടറായ 80കാരി ജാനകിയമ്മ കൊടശ്ശേരി ചെയ്യാനിടയായ സംഭവത്തിലാണ് സസ്‌പെന്‍ഷന്‍.

ഇതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെ ബൂത്ത് ലെവല്‍ ഏജന്റ് നല്‍കിയ പരാതിയുടെയും മാധ്യമ വാര്‍ത്തകളുടെയും അടിസ്ഥാനത്തില്‍ ഉപവരണാധികാരി നല്‍കിയ റിപ്പോര്‍ട്ടിന്റെയും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി എടുത്തിരിക്കുന്നത്.