മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യം 200 വര്‍ഷം പിന്നോട്ടുപോകും: എം.കെ സ്റ്റാലിന്‍

0
1703

ചെന്നൈ: നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യം 200 വർഷം പിന്നോട്ട് പോകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിൻ. ഡി.എം.കെ സ്ഥാനാർഥി ടി. ആർ ബാലുവിനെ പിന്തുണച്ച് ശ്രീപെരുമ്പത്തൂരിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”മോദി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യം 200 വർഷം പുറകോട്ട് പോകും, ​​ചരിത്രം തിരുത്തിയെഴുതപ്പെടും. അതുപോലെ, ശാസ്ത്രം പിന്നോട്ട് തള്ളപ്പെടും, അന്ധവിശ്വാസ കഥകൾക്ക് പ്രാധാന്യം നൽകും. ഡോ ബി.ആർ അംബേദ്കറുടെ ഭരണഘടനയെ ആർഎസ്എസ് നിയമങ്ങളാൽ മാറ്റിസ്ഥാപിക്കും” വോട്ടാണ് ഇതിനെ ചെറുക്കാനുള്ള ഏറ്റവും വലിയ ആയുധമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിക്കുള്ള വോട്ട് തമിഴ്‌നാടിൻ്റെ ശത്രുവിനുള്ള വോട്ടാണ്, എഐഎഡിഎംകെക്കുള്ള വോട്ട് സംസ്ഥാനത്തെ വഞ്ചിക്കുന്നവർക്കുള്ള വോട്ടാണെന്നും അദ്ദേഹം പറഞ്ഞു.എഐഎഡിഎംകെയ്ക്ക് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.

”എഐഎഡിഎംകെയെയും ബിജെപിയെയും സ്വാഭാവിക സഖ്യകക്ഷികളെന്നാണ് വിളിച്ചിരുന്നത്, എന്നാൽ ഇപ്പോൾ അവർ വേർപിരിഞ്ഞതുപോലെയാണ് പ്രവർത്തിക്കുന്നത്. ഭൂരിപക്ഷം ആവശ്യമുള്ള സാഹചര്യത്തിൽ പാർട്ടി ബി.ജെ.പിയെ പിന്തുണയ്ക്കുമോയെന്ന ചോദ്യത്തിന് എഐഎഡിഎംകെ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് എടപ്പാടി കെ പളനിസ്വാമി പറഞ്ഞില്ല.’കാത്തിരുന്ന് കാണുക’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.എഐഎഡിഎംകെയ്ക്ക് ഒരിക്കലും ബിജെപിക്കെതിരെ പോകാനാവില്ല. എ.ഐ.എ.ഡി.എം.കെ.ക്ക് ഒരു വോട്ട് കൊടുക്കുന്നത് ബി.ജെ.പിക്കുള്ള വോട്ടിന് തുല്യമാണ്” സ്റ്റാലിന്‍ പറഞ്ഞു.