Sunday, 19 May - 2024

ഇറാൻ തൊടുത്തു വിട്ടത് 300 ലേറെ മിസൈലുകളും ഡ്രോണുകളും; ഇസ്‌റാഈൽ സൈനിക കേന്ദ്രത്തിന് നാശനഷ്ടം – വീഡിയോ

തെൽഅവീവ്: ഇറാൻ മുന്നൂറിലധികം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തൊടുത്തതായി ഇസ്‌റാഈൽ പ്രതിരോധ സേന (ഐ.ഡി.എഫ്). ഇറാനിൽ നിന്നാണ് ഭൂരിഭാഗം മിസൈലുകളും വിക്ഷേപിച്ചത്. കൂടാതെ ഇറാഖിൽനിന്നും യെമനിൽനിന്നും മിസൈൽ ആക്രമണം നടന്നതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ ആക്രമണത്തിൽ തെക്കൻ ഇസ്‌റാഈലിലെ ഒരു സൈനിക കേന്ദ്രത്തിന് ചെറിയതോതിൽ നാശനഷ്ടമുണ്ടായതായി ഐ.ഡി.എഫ് വക്താവ് റിയർ അഡ്. ഡാനിയേൽ ഹഗാരി അറിയിച്ചു. ഇറാൻ, ഇറാഖ്, യെമൻ എന്നിവിടങ്ങളിൽ നിന്ന് 300-ലധികം ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചതായി ഇസ്റാഈൽ പറയുന്നു, അവയിൽ ഭൂരിഭാഗവും തടഞ്ഞുവെന്നും ഇസ്റാഈൽ അറിയിച്ചു.

മിസൈലുകളിൽ ഭൂരിഭാഗവും വ്യോമാതിർത്തിക്കു പുറത്തുവെച്ചു തന്നെ ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനം വഴി തകർത്തതായാണ് ഇസ്‌റാഈലിന്റെ വാദം. അതേസമയം, ഇസ്‌റാഈൽ പരിഭ്രാന്തിയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. സ്‌കൂളുകളെല്ലാം താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. സുരക്ഷിതമായ ഇടങ്ങളിലേക്ക മാറാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

അതിനിടെ ഇസ്‌റാഈലും ഇറാനും സംഘർഷത്തിൽനിന്ന് വിട്ടുനിൽക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ ആൻറോണിയോ ഗുട്ടെറസ് അഭ്യർഥിച്ചു. യു.എൻ സുരക്ഷ കൗൺസിൽ അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഇസ്രായേലിൻറെ അഭ്യർഥനയെ തുടർന്നാണ് ഞായറാഴ്ച വൈകീട്ട് യോഗം ചേരുന്നതെന്ന് സുരക്ഷ കൗൺസിൽ പ്രസിഡൻറ് അറിയിച്ചു.

 സൈനിക ആക്രമണങ്ങളിൽ തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കൂടുതൽ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇസ്‌റാലിന് നേരെയുള്ള തിരിച്ചടിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് നൂറുകണക്കിന് പേർ ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ പ്രകടനം നടത്തി. ദേശീയ പാതകയുമേന്തിയാണ് ജനം തെരുവിലിറങ്ങിയത്. 

ആദ്യമായാണ് ഇസ്‌റാഈലിനു നേരെ ഇറാൻ നേരിട്ട് ആക്രമണം നടത്തുന്നത്. ഏപ്രിൽ ഒന്നിന് സിറിയയിലെ കോൺസൂലേറ്റ് ബോംബിട്ട് തകർക്കുകയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയും ചെയ്തതിന് തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച ഹുർമൂസ് കടലിടുക്കിൽനിന്ന് ഇസ്‌റാഈൽ ബന്ധമുള്ള ചരക്കു കപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തതിനു പിന്നാലെയാണ് ഇറാൻ നേരിട്ടുള്ള ആക്രമണം.

ആക്രമണങ്ങളുടെ പശ്ചാത്താലത്തിൽ ജോർദാൻ, ഇറാഖ്, ലെബനാൻ, ഇസ്‌റാഈൽ എന്നീ രാജ്യങ്ങൾ തങ്ങളുടെ വ്യോമപാത അടച്ചു. ഗോലൻ കുന്നുകളിലെ ഇസ്‌റാഈൽ സൈനിക കേന്ദ്രങ്ങൾക്കുനേരെ റോക്കറ്റ് ആക്രമണം നടത്തിയതായി ലബനാനിലെ ഹിസ്ബുല്ല അറിയിച്ചു. ഗസ്സയിലെ ഫലസ്തീനികളെ പന്തുണച്ചും ലെബനാൻ ഗ്രാമങ്ങളിൽ ഇസ്‌റാഈൽ നടത്തിയ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയുമാണ് റോക്കറ്റ് ആക്രമണമെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. വീഡിയോ കാണാം👇

Most Popular

error: