തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുവതിയുടെ കവിളിൽ ചുംബിച്ചു; ബി.ജെ.പി സ്ഥാനാര്‍ഥി വിവാദത്തില്‍

0
2274

ബംഗാൾ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുവതിയുടെ കവിളിൽ ചുംബിച്ച ബി.ജെ.പി സ്ഥാനാർഥിക്കെതിരെ പ്രതിഷേധം ശക്തം. പശ്ചിമ ബംഗാളിലെ മാൾഡ ഉത്തർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയായ ഖാഗൻ മുർമുവാണ് വിവാദത്തിലകപ്പെട്ടത്. സ്ത്രീയെ ചുംബിക്കുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുകയും ചെയ്തു.

പശ്ചിമ ബംഗാളിലെ ചഞ്ചലിലെ ശ്രീഹിപൂർ ഗ്രാമത്തിൽ കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് സംഭവം. പ്രചാരണത്തിന്റെ ലൈവ് വീഡിയോ സ്ഥാനാർഥിയുടെ ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതോടെയാണ് സ്ഥാനാർഥി പുലിവാല് പിടിച്ചത്. പിന്നീട് ഈ വീഡിയോ ഫേസ്ബുക്ക് പേജിൽ നിന്ന് ഡിലീറ്റ് ചെയ്തു.

എന്നാൽ ഇത് തൃണമൂൽ കോൺഗ്രസ് സോഷ്യൽമീഡിയയിൽ ചർച്ചയാക്കി. ‘നിങ്ങൾക്ക് ഇപ്പോൾ കണ്ടത് വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ, വ്യക്തമാക്കിത്തരാം. ഇതാണ് ബി.ജെ.പി എംപിയുംമാൾഡ ഉത്തർ സ്ഥാനാർഥിയുമായ ഖാഗൻമുർമു. തന്റെ പ്രചാരണത്തിനിടെ സ്വന്തം ഇഷ്ടപ്രകാരം ഒരു സ്ത്രീയെ ചുംബിക്കുന്നതാണ് നിങ്ങൾ കാണുന്നത്.

ഗുസ്തിക്കാരെ ലൈംഗികമായി ഉപദ്രവിക്കുന്ന എംപിമാർ മുതൽ ബംഗാളി സ്ത്രീകളെ കുറിച്ച് അശ്ലീല ഗാനങ്ങൾ ആലപിക്കുന്ന നേതാക്കൾ വരെ, ബി.ജെ.പി ക്യാമ്പിൽ സ്ത്രീ വിരുദ്ധ രാഷ്ട്രീയക്കാരുടെ ക്ഷാമമില്ല! അവർ അധികാരത്തിൽ വന്നാൽ എന്തൊക്കെ ചെയ്യുമെന്ന് സങ്കൽപിച്ചു നോക്കുക’…എന്ന അടിക്കുറിപ്പോടെയാണ് തൃണമൂൽ കോൺഗ്രസ് ഈ വീഡിയോയുടെ സ്‌ക്രീൻ ഷോട്ടുകൾ പങ്കുവെച്ചത്.