സർവീസുകൾ കൂട്ടി എയർ ഇന്ത്യ എക്സ്പ്രസ്; 2,222 പേർക്ക് അധികയാത്ര

0
954

അബുദാബി: എയർ ഇന്ത്യ എക്സ്പ്രസ് മേയ് ഒന്നു മുതൽ റാസൽഖൈമയിൽ നിന്ന് കണ്ണൂരിലേക്കും 2 മുതൽ ലക്നൗവിലേക്കും പുതിയ സർവീസ് ആരംഭിക്കുന്നു. അബുദാബിയിൽനിന്ന് കണ്ണൂർ, കൊച്ചി, മുംബൈ സെക്ടറിലേക്ക് സർവീസ് വർധിപ്പിച്ചു. 

പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച് എയർ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബി – ഇന്ത്യ സെക്ടറിലെ സർവീസുകളുടെ എണ്ണം ആഴ്ചയിൽ 31ൽ നിന്ന് 43 ആയി വർധിക്കും.  പുതിയ സർവീസുകൾ പ്രാബല്യത്തിൽ വരുന്നതോടെ എയർ ഇന്ത്യ എക്സ്പ്രസിൽ അബുദാബിയിൽനിന്ന് ഇന്ത്യയിലേക്ക് ആഴ്ചയിൽ 2222 പേർക്കു കൂടി യാത്ര ചെയ്യാം. ആഴ്ചയിൽ 7998 പേർക്ക് യാത്ര ചെയ്യാൻ അവസരമൊരുങ്ങും. നിലവിൽ 5776 പേർക്കാണ് അവസരം.

 ∙ റാസൽഖൈമ – കണ്ണൂർ ആഴ്ചയിൽ 3 സർവീസ്
റാസൽഖൈമയിൽ നിന്ന് കണ്ണൂരിലേക്ക് ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിൽ ആഴ്ചയിൽ 3 വിമാന സർവീസാണ് തുടക്കത്തിൽ ഉണ്ടാവുക. കണ്ണൂരിൽനിന്ന് വൈകിട്ട് 6.15ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം രാത്രി 8.45ന് റാസൽഖൈമയിൽ ഇറങ്ങും. തിരിച്ച് റാസൽഖൈമയിൽനിന്ന് രാത്രി 9.45ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.10ന് കണ്ണൂരിൽ ഇറങ്ങും.
∙ റാസൽഖൈമ – ലക്നൗ ആഴ്ചയിൽ 3 സർവീസ്
റാസൽഖൈമയിൽ നിന്ന് മേയ് 2 മുതൽ ലക്നൗവിലേക്കും സർവീസുണ്ട്. ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ രാവിലെ 11.55ന് പുറപ്പെട്ട് വൈകിട്ട് 5.15ന് ഇന്ത്യയിൽ എത്തും.
∙ കൊച്ചിയിലേക്ക് പ്രതിദിന സർവീസ്
അബുദാബിയിൽനിന്ന് ആഴ്ചയിൽ 6 സർവീസുണ്ടായിരുന്ന കൊച്ചിയിലേക്ക് 24 മുതൽ പ്രതിദിന സർവീസാക്കി. ഞായറാഴ്ചകളിലെ പുതിയ സർവീസ് രാത്രി 11.55ന് പുറപ്പെട്ട് പുലർച്ചെ 5.35ന് നെടുമ്പാശേരിയിൽ ഇറങ്ങും.മുംബൈയിലേക്ക് 
∙ പ്രതിദിന സർവീസ്
ഈ മാസം 15 മുതൽ അബുദാബിയിൽനിന്ന് മുംബൈ സെക്ടറുകളിലേക്ക് പ്രതിദിന സർവീസാക്കി വർധിപ്പിച്ചു. രാത്രി 10.50ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.10ന് മുംബൈയിൽ എത്തും

∙ കണ്ണൂരിലേക്ക് 4 അധിക സർവീസ്
മേയ് മുതൽ അബുദാബിയിൽനിന്ന് കണ്ണൂരിലേക്ക് 4 അധിക സർവീസ് ആരംഭിക്കും. ഞായർ, തിങ്കൾ, വ്യാഴം, ശനി  ദിവസങ്ങളിൽ അബുദാബിയിൽ നിന്ന് രാത്രി 9.55ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.20ന് കണ്ണൂരിലെത്തും. നേരത്തെ ആഴ്ചയിൽ 6 ദിവസമുണ്ടായിരുന്ന സർവീസ് മേയ് മുതൽ പ്രതിദിന സർവീസ് ആകുന്നതിനൊപ്പം തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ 2 സർവീസുകളാകും.